സംസ്ഥാനത്ത് സ്ക്കൂൾ പരീക്ഷകൾ: വിദ്യാഭ്യാസ മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും

ലോക്ക് ഡൗണിൽ മുടങ്ങിയ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഇടവേളക്ക് ശേഷം എന്നു നടത്തുമെന്ന് ഇന്നറിയാം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്.

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താനാണ് സൂചന. നിലവിൽ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വൺ പരീക്ഷ മാറ്റിവെക്കും.

പരീക്ഷകൾ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചിൽ രണ്ടുപേർ മാത്രം. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ എങ്ങിനെ വിദ്യാർത്ഥികൾ എത്തുമെന്ന ആശങ്കയുണ്ട്. പരീക്ഷക്ക് മുമ്പാണെങ്കിൽ കുട്ടികളെ സമയത്ത് സ്കൂളിലെത്തിക്കാൻ ബദൽമാർഗം ഒരുക്കേണ്ടി വരും.

മൂല്യനിർണയം സംബന്ധിച്ച് രണ്ടുനിർദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ പരീക്ഷകളുടെ ഉത്തരപേപ്പറുകൾ അധ്യാപകരുടെ വീട്ടിൽനൽകി മൂല്യനിർണയം നടത്തിക്കുക, ക്യാമ്പുകളുടെ എണ്ണം പരമാവധി കൂട്ടി പഴയ രീതിയിൽ മൂല്യനിർണയം നടത്തുക എന്നിവയാണ് നിർദേശങ്ങൾ.

എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഫാൾസ് നമ്പർ ഇല്ലാത്തതിനാൽ വീട്ടിലേക്ക് ഉത്തരപേപ്പർ നൽകുന്നതിൽ സംശയമുണ്ട്. ഇക്കാര്യത്തിലും നയപരമായ തീരുമാനം വേണം. ലോക്ഡൗൺ കാലത്ത് ദൂരെസ്ഥലങ്ങളിൽനിന്ന് അധ്യാപകർക്ക് മൂല്യനിർണയക്യാമ്പുകളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഉത്തരപേപ്പർ വീട്ടിലേക്ക് നൽകണമെന്ന നിർദേശം ഉയർന്നത്.

പരീക്ഷകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും സർവകലാശാലാ പരീക്ഷകൾ എന്ന് ആരംഭിക്കാമെന്നതിൽ തീരുമാനമായില്ല. സർവകലാശാലകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതിനാൽ ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കാതെ പരീക്ഷ തുടങ്ങേണ്ടെന്നായിരുന്നു ആദ്യ ആലോചന.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു