സംസ്ഥാനത്ത് ജാഗ്രത: കൊവിഡ് ബാധിതർ 732 ആയി, ഇളവ് നൽകിയത് ആഘോഷിക്കാനല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം//  ഓരോ ദിവസം കഴിയുംതോറും കേരളത്തിൽ കൊവിഡ് വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്നു. സംസ്ഥാനത്ത് ഏറ്റവും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനമാണിന്ന്. കണ്ണൂർ12, കാസർകോട്7, കോഴിക്കോട്5, പാലക്കാട്5,തൃശ്ശൂർ4, മലപ്പുറം4,കോട്ടയം2,കൊല്ലം1,പത്തനംതിട്ട1,വയനാട്1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ സ്ഥിതി വിവരങ്ങൾ. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രണ്ട് പേർ മാത്രമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ച ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇന്ന് പോസിറ്റീവായതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് വന്നവർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 84,258 പേരാണ് ആകെ നിരീക്ഷണത്തിലുള്ളവർ. 162 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 609 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 51,310 സാമ്ബിളുകൾ പരിശോധനക്ക് അയച്ചതിൽ 49.535 എണ്ണവും നെഗറ്റീവ് ആണ്. നിലവിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയത് ജീവിക്കാനാണെന്നും, ആഘോഷിക്കാനല്ലെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
തിരിച്ചു വരുന്നവർ മലയാളികളാണ്. അവരെ സ്വീകരിക്കണം, സുരക്ഷ നൽകണം. അതോടൊപ്പം ഇവിടെയുള്ളവർക്കും സുരക്ഷ ഉറപ്പാക്കലാണ് സർക്കാർ നിലപാട്. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണാണ്‌. പക്ഷേ ചെറിയ പെരുന്നാൾ അന്നേ ദിവസമായാൽ ഞായറാഴ്ച ഇളവുണ്ടാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു