വില കൂടുന്നതോടെ മദ്യഉപഭോഗം കുറയും : സിപിഎം, ബലഹീനത മുതലെടുക്കുന്നുവെന്ന്- കോണ്‍ഗ്രസ്

തിരുവനന്തപുരം // വിദേശമദ്യത്തിന് കോവിഡ് സെസ്സ് ചുമത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിപിഎം. സെസ്സ് ചുമത്തുന്നതിലൂടെ മദ്യത്തിന് വില കൂടും. ഇതോടെ മദ്യത്തിന്റെ ഉപഭോഗം കുറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വില കൂടുന്നതോടെ കയ്യിലുള്ള പണത്തിന് അനുസരിച്ചേ കുടിക്കാനാകൂ. അതുകൊണ്ടുതന്നെ മദ്യം കഴിക്കുന്ന അളവില്‍ കുറവുണ്ടാകുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച്, പാവപ്പെട്ട വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരിച്ചടിയാണെന്ന വാദം ശരിയല്ല. സാധാരണക്കാര്‍ വീട്ടിലെ ആവശ്യങ്ങള്‍ കഴിച്ചുള്ള പണമാണ് മദ്യത്തിന് ചെലവാക്കുക. അതുകൊണ്ട് തന്നെ മദ്യം വാങ്ങാനുള്ള ശേഷി കുറയുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
എന്നാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എക്‌സൈസ് മന്ത്രിയുമായ കെ ബാബു പ്രതികരിച്ചത്. ജനങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ കുറ്റപ്പെടുത്തി. 35 ശതമാനം അധികനികുതി ഏര്‍പ്പെടുത്തിയത് ശരിയല്ല. വില കൂടുന്നതുകൊണ്ട് മദ്യഉപഭോഗം കുറയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു