‘ലോക്ക് ദി ഹൗസ്’പദ്ധതി, പ്രവാസികളുടെ ക്വാറന്റൈന്‍ കര്‍ശനമാക്കും

കൊവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് മുന്നിലുള്ള കണ്ണൂര്‍ ജില്ലയില്‍ പുതിയ പദ്ധതിയുമായി ദുരന്ത നിവാരണ സേന രംഗത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും മടങ്ങിയെത്തുന്നവരെ ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കാനാണ് ‘ലോക്ക് ദി ഹൗസ്’ പദ്ധതിയുമായി ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തന സജ്ജമായത്. നാളെ മുതല്‍ വിദേശ മലയാളികളും വന്നു തുടങ്ങും.
കര്‍ശന പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടുക. രോഗലക്ഷണംഉള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയക്കും. മറ്റുള്ളവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു വീഴ്ചയും വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍’എന്നായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം. പ്രാദേശികമായി നിരീക്ഷണവും ഉറപ്പാക്കും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായുള്ള നിരീക്ഷണ സംവിധാനമാണ് നടപ്പിലാക്കുക. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനത്തിന്റെ ചുമതല.
അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം സംഘമായ പൊലീസിന്റെ നിരീക്ഷണം. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് 185 മലയാളികളാണ്.

കാലിക്കടവ് വഴി 86 പേരും മാഹിയിലൂടെ 34 പേരും നിടുമ്‌ബൊയില്‍ അതിര്‍ത്തി കടന്ന് 65 പേരുമാണ് വന്നത്. കാലിക്കടവ് വഴി ആകെ പ്രവേശിച്ചത് 321 പേര്‍. ഇതില്‍ 86 പേര്‍ മാത്രമായിരുന്നു കണ്ണൂര്‍ ജില്ലക്കാര്‍. മറ്റുള്ളവര്‍ കോഴിക്കോടും മലപ്പുറവും ഉള്‍പ്പെടെ ഇതര ജില്ലകളിലേക്ക് പോകേണ്ടവരായിരുന്നു. കര്‍ശന മെഡിക്കല്‍ പരിശോധനക്ക് ശേഷമാണ് മുഴുവനാളുകളെയും തുടര്‍യാത്രക്ക് അനുവദിച്ചതെന്നും ഇതേ നില തുടരുമെന്നും അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു