ലോക്ക് ഡൗൺ മെയ് 17 വരെ, തീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും

news@delhi
രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി. ച‍ർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും. മേയ് പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്.കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിൽ കണ്ണൂരും കോട്ടയവുമാണ് പുതിയ വിവര പ്രകാരം റെഡ് സോണിൽ.
ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്‌നാട് 12ഉം ഡൽഹിയിൽ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്.

രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച് സോണിൽ. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും.
കേരളത്തിലെ 10 ജില്ലകൾ ഓറഞ്ച് സോണിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളാണ്.

ഗ്രീൻ സോണിൽ ഈ മാസം നാലു മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്.
കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു