ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം

ന്യൂഡല്‍ഹി // കോവിഡ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്ന് പ്രഖ്യാപിച്ചേക്കും.
ബസ്, വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയേക്കും. തീവ്രമേഖലകള്‍ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനിടയുണ്ട്. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കിയേക്കും.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒന്നിലധികം യോഗങ്ങളാണ് ചേര്‍ന്നത്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടക്കമുളളവരുമായി അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകളാണ് അമിത് ഷായുടെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ വെച്ച് വെള്ളിയാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഇനിയും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നാലാം ഘട്ട ലോക്ക്ഡൗണിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുമ്പോാള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇളവുകള്‍ അനുവദിക്കുമ്പോഴും അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തിലും തുടരും. കോവിഡ് കേസുകളും മരണസംഖ്യയും രാജ്യത്ത് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ചയോടെ അവസാനിക്കുകയാണ്.
നാലാം ഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച പ്രഖ്യാപനം 18ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നേരത്തത്തേത് പോലെ കേന്ദ്രം സോണുകള്‍ തിരിച്ചാവും ഇളവുകള്‍ പ്രഖ്യാപിക്കുക. എന്നാല്‍ സോണുകള്‍ തീരുമാനിക്കാനുളള അവകാശം തങ്ങള്‍ക്ക് നല്‍കണം എന്നാണ് പ്രധാനമന്ത്രിയുമായുളള യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു