മെയ് 31 വരെ എങ്ങിനെയൊക്കെ യാത്രയാകാം..?

കോഴിക്കോട് // ലോക്ക് ഡൗൺ നാലാംഘട്ടം തുടങ്ങി. ഒട്ടേറെ ഇളവുകൾക്കിടയിലാണ് നാം മുന്നോട്ട് പോകേണ്ടത്. നിയന്ത്രണങ്ങൾ തെറ്റിച്ചാൽ ശിക്ഷാ നടപടി വലുതാണ്. അപ്പോൾ നാം കരുതിവേണം നാലാംഘട്ടത്തെ കാണാൻ.

സഞ്ചാരമാണ് എല്ലാവർക്കും പ്രധാനം. നിബന്ധനകൾ പാലിച്ചാൽ സഞ്ചാരം സുഖ യാത്രയാകും. ബസിലും ടക്സി കാർ, ഓട്ടോ യാത്ര സൗകര്യം ഉണ്ട്. എല്ലാം ജില്ലക്കകത്ത് പോകാൻ മുൻഗണന.

മാസ്ക്ക് നിർബന്ധമാണ്. അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ .

ജില്ലയ്ക്കകത്തുളള പൊതുഗതാഗതത്തിൽ ബസ്, ട്രാവല്ലർ വാഹനത്തിൽ സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകുന്ന സർവ്വീസ് ഇല്ല.

ബസ് ചാർജ് കി.മീ.40 പൈസ കൂട്ടിയിട്ടുണ്ട്. നേരത്തെ 70 പൈസ ഇപ്പോൾ 1.10. എന്നാൽ സൗജന്യ യാത്രക്കാരും വിദ്യാർത്ഥികളും യാത്ര പേകേണ്ട സ്ഥലത്തേയ്ക്കുള്ള പുതിയ നിരക്കിൻ്റെ പകുതി നൽകണം. ഈ വർധന ലോക്ക് ഡൗൺ കാലത്ത് മാത്രം.

സ്വകാര്യ വാഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്ക് പോകാം.

ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.

ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും.

സ്വന്തം ജില്ലാ യാത്രയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി നല്‍കും.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് മണിവരെയുള്ള യാത്രകള്‍ക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതിയാകും.

ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടര്‍/പൊലീസ് മേധാവിയില്‍ നിന്നും വാങ്ങേണ്ടതാണ്.

അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ജില്ലാ യാത്ര അനുവദിക്കും.

ഇലക്ട്രീഷ്യന്മാര്‍, മറ്റു ടെക്നീഷ്യന്‍മാര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി നേടിയിരിക്കണം.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.

ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

ഹോട്ട്സ്പോട്ടുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.

കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു