മൂന്നാംഘട്ട ലോക്ക് ഡൗൺ: ഞായറാഴ്ചകൾ സംസ്ഥാനം നിശ്ചലമാകും

കടകമ്പോളങ്ങൾക്കും
വാഹനങ്ങൾക്കും വിലക്ക്

news@tvm
മൂന്നാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളവുകളോടെ നാളെ ആരംഭിക്കും. ഇന്നു മുതൽ മെയ് 17 വരെയുള്ള ഞായറാഴ്ചകളിൽ സംസ്ഥാന വ്യാപകമായി കടകമ്പോളങ്ങൾ തുറക്കാനും വാഹനങ്ങൾ റോഡിലിറക്കാനും അനുവദനീയമല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രഖ്യാപനം അറിയാതെ ഇന്ന് ആരെങ്കിലും തുറന്നാൽ അടുത്ത ഞായറാഴ്ച മുതൽ നിർദ്ദേശം കർശന മാക്കും. ഇതേ തുടർന്ന് ഞായറാഴ്ച തുറക്കാനിരുന്ന പൊതുവിതരണ കേന്ദ്രം ഇന്നു തുറക്കില്ല.

ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഇന്ന് പെട്ടെന്ന് പറയുന്നതുകൊണ്ട് നാളെ അത് പൂര്‍ണതോതില്‍ നടപ്പില്‍വരുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്‍ണതോതില്‍ നിലവില്‍ വരും. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്‍റ് റസ്റ്റാറന്‍റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.  

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാമ്പ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.

അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറില്‍ പിന്‍സീറ്റ് യാത്രയ്ക്ക് അനുവാദമില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു