മിഠായിതെരുവ് ചൊവ്വാഴ്ച തുറക്കും; സാധനം വാങ്ങിയാൽ ബില്ല് കാണിക്കണം

കർശന നിയന്ത്രണങ്ങൾ തുടരും

കോഴിക്കോട്// കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ കോഴിക്കോട് മിഠായി തെരുവിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കും. പ്രവേശനം രാവിലെ ഏഴ് മുതൽ അഞ്ച് മണിവരെയായിരിക്കും. അനാവശ്യമായി ഇവിടെയെത്തുന്നവർക്കെതിരെ നടപടിയുണ്ടാവും. സാധനങ്ങൾ വാങ്ങിയ ബില്ല് ഇല്ലെങ്കിൽ നടപടിയുണ്ടാകും. പ്രവേശനകവാടത്തിൽ ഇക്കാര്യം പോലീസ് പരിശോധിക്കുമെന്നും ജില്ലാ കളക്ടർ എസ്.സാംബശിവ അറിയിച്ചു.

രണ്ടിൽ കൂടുതൽ നിലകളുള്ള ഷോപ്പിംഗ് സെന്ററുകൾ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾക്കാണ് തുറക്കാൻ അനുമതി. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീർണ്ണം സംബന്ധിച്ച ഡിക്ലറേഷൻ പോലീസിന് നൽകേണ്ടതും ഈ ഡിക്ലറേഷൻ സമർപ്പിച്ച ശേഷം മാത്രം കട തുറക്കേണ്ടതുമെന്നും കളക്ടർ അറിയിച്ചു.

കടകകളുടെ വിസ്തീർണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിലാണ് പ്രവേശനം അനുവദിക്കേണ്ടത്. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദർശിപ്പിക്കണം. എല്ലാ കടകളിലും ‘ബ്രെയ്ക് ദ ചെയിൻ’ പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികൾ ഒരുക്കണം. കടകളിലെ സി.സി.ടി.വി. പൂർണ്ണമായും പ്രവർത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്

നിബന്ധനകൾ ലംഘിക്കപ്പെടുന്നതായി കാണുന്നപക്ഷം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് കലക്ടർ അറിയിച്ചു.

ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങൾ ബഹുനില കെട്ടിടത്തിലായാലും തുറന്നുപ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ ഇവിടെ ഉപഭോക്താക്കൾക്ക് മെഡിക്കൽ സ്ക്രീനിംഗ് സംവിധാനം ഒരുക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു