മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണം: അഞ്ച് പേർ അറസ്റ്റിൽ

പ്രോട്ടോകോൾ ലംഘനം;
നടപടി വേണം – കെയുഡബ്ല്യുജെ

കോഴിക്കോട്// ജോലി കഴിഞ്ഞ്​ വീട്ടി​ലേക്ക്​​ മടങ്ങിയ മാദ്ധ്യമ പ്രവർത്തകന്​ നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. നരിക്കുനി സ്വദേശികളായ ചെറു കണ്ടിയിൽ അതുൽ (22), താരുകുളങ്ങര അഖിൽ (26), താരുകുളങ്ങര അനുരാഗ് (24), കണ്ണിപൊയിൽ പ്രശോഭ് (24), കാവും പൊയിൽ ഗോകുൽദാസ് (25) എന്നിവരാണ് അറസ്റ്റിലായത് എന്ന് പൊലീസ് അറിയിച്ചു.
കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കോവിഡ്​ നിയമലംഘനത്തിനടക്കം കേസെടുത്തു.

‘മാധ്യമം’ ദിനപത്രം കോഴിക്കോട്​ ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെയാണ്​ നരിക്കുനിക്കടുത്ത്​ കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ചത്​. ബുധനാഴ്​ച രാത്രി പത്ത്​ മണിക്ക്​ പൂനുരിലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ ഒരു വിഭാഗം നാട്ടുകാർ അഴിഞ്ഞാടിയത്​. മോഷ്​ടാവെന്ന്​ പറഞ്ഞായിരുന്നു മുക്കാൽ മണിക്കൂറോളം നടുറോഡിൽ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.
സംഭവത്തിൽ കൊടുവള്ളി പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്.

കാവുംപൊയിൽ സ്വദേശി അതുൽ ആണ് ഭീഷണിയുമായി ആദ്യമെത്തിയത്​. മോഷ്​ടാവല്ലെന്ന്​ പത്രക്കാരനാണെന്ന്​ പറഞ്ഞിട്ടും ഇയാൾ കൂടുതൽ പേരെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം 15ഓളം പേർ വടിയുമായെത്തി ബിനീഷിനെ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നു.
പിന്നീട്​ പലഭാഗങ്ങളിൽ നിന്നും നാട്ടുകാർ റോഡിലേക്ക്​ കുതിച്ചെത്തി അപമാനം തുടർന്നു. നൂറോളം പേരാണ്​ ഒടുവിൽ സ്​ഥലത്തുണ്ടായിരുന്നത്​. സ്​ഥലത്തെത്തിയ പഞ്ചായത്ത്​ അംഗം വേണുഗോപൽ പ്രശ്​നം പരിഹരിക്കുന്നതിന്​ പകരം വഷളാക്കാനാണ്​ ശ്രമിച്ചതെന്ന്​ പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്തവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പിന്നീട് വിട്ടയച്ചു.

തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മാദ്ധ്യമ പ്രവര്‍ത്തനം അവശ്യസര്‍വീസിന്റെ ഭാഗമായാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ സഞ്ചാരത്തെ ഒരുതരത്തിലും തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം പറഞ്ഞതുമാണ്. കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് ഒരു സംഘം പേര്‍ കൂട്ടം കൂടി നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ട്​ എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു