മദ്യ ഷോപ്പുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സ്‌കൂള്‍ അധ്യാപകര്‍; വിചിത്ര തീരുമാനവുമായി ആന്ധ്രപ്രദേശ്

വിശാഖപട്ടണം: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നതിനിടെ മദ്യ ഷോപ്പുകള്‍ തുറന്നതോടെയുണ്ടായ വന്‍തിരക്ക് വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ വിചിത്ര തീരുമാനവുമായി ആന്ധ്രപ്രദേശ്. വിശാഖപട്ടണത്ത് മദ്യ ഷോപ്പുകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്‌കൂള്‍ അധ്യാപകരെയാണ് അധികൃതര്‍ നിയോഗിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ക്യൂ നിര്‍ത്താനും സാമൂഹ്യ അകലം ഉറപ്പാക്കാനുമാണ് പൊലീസുകാര്‍ക്കൊപ്പം അധ്യാപകര്‍ക്കും ചുമതല നല്‍കിയിരിക്കുന്നത്. ഇതിനിടെ മദ്യത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 75 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 1717 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

589 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 36 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിശാഖപട്ടണം ജില്ലയിലെ 311ല്‍ 272 മദ്യ ഷോപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു. മദ്യ ഷോപ്പുകളില്‍ അധ്യാപകരെ നിയോഗിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു. മദ്യ ഷോപ്പുകളില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുകയാണ് അധ്യാപകരുടെ ചുമതല. അധ്യാപകര്‍ നല്‍കുന്ന ടോക്കണ്‍ അനുസരിച്ചാകും മദ്യ വിതരണം. ഈ വിചിത്ര തീരുമാനത്തിനെതിരെ അധ്യാപകര്‍ രംഗത്ത് വന്നിട്ടുണ്ട്. മദ്യ ഷോപ്പുകളില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയെന്ന് അനാര്‍കപള്ളിയിലുള്ള ഒരു അധ്യാപകന്‍ പറഞ്ഞു. ഈ ജോലി ചെയ്യുന്നത് അധ്യാപകരില്‍ കുറ്റബോധമുണ്ടാക്കുന്നുണ്ട്.
ഈ നീക്കത്തെ അപലപിച്ച അധ്യാപകന്‍ സര്‍ക്കാരിനോട് തീരുമാനം മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ വിശാപട്ടണത്ത് ഒരു സംഘം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പച്ചക്കറി ചന്ത മൂന്ന് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുമ്‌ബോള്‍ മദ്യ ഷോപ്പുകള്‍ ഏഴ് മണിക്കൂര്‍ തുറക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു