പ്രവാസി സംഘം പറന്നിറങ്ങി; മൂന്നു പേർക്ക് ആരോഗ്യ പ്രശ്നം, ആശുപത്രിയിലേക്ക് മാറ്റി

കരിപ്പൂർ// കൊവിഡ് വ്യാപനത്തിൽ വിദേശത്ത് യാത്ര തടസം നേരിട്ട പ്രവാസികളുടെ ആദ്യ സംഘം കേരളത്തിലെത്തി. രണ്ട് വിമാനങ്ങളിലായി കരിപ്പൂരും നെടുമ്പാശ്ശേരിയിലുമായി 364 പേരാണ് വ്യാഴാഴ്ച രാത്രിയോടെ എത്തിയത്.
അബുദാബിയിൽ നിന്നും ആദ്യ വിമാനം 10.8 ന് നെടുംബാശ്ശേരിയിൽ ഇറങ്ങി. വിമാനത്തിൽ നാല് കുട്ടികളും ,നാൽപത്തി ഒന്ന് ഗർഭിണികളും അടക്കം 181 പേരാണ്. ദുബായ് വിമാനം കരിപ്പൂരിൽ രാത്രി 10.32 ന് ഇറങ്ങി. 182 യാത്രക്കാർ ‘ 177 പ്രവാസികളും 6 കുട്ടികളുമാണ്.

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വിമാനത്താവളത്തിൽ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് മൂന്ന് പേര്‍ക്ക്. രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി.

കരിപ്പൂരിൽ പ്രവാസികളുമായി എത്തിയ വിമാനം

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. കരിപ്പൂരിൽ 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

വന്നവരെ പരിശോധനക്ക് വിധേയമാക്കുന്നു

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തുടർന്ന് നേരത്തെ നിശ്ചയിച്ചത് പോലെ യാത്രക്കാരെ വിവിധ കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവസ്ഥലത്ത് സുരക്ഷാ സംഘങ്ങൾ ഒഴികെ ആരെയും കടത്തിവിട്ടില്ല. മാദ്ധ്യമ പ്രവർത്തരെ വിമാനത്താവളത്തിന് പുറത്ത് ടോൾ ഭാഗത്ത് വരെയാണ് പ്രവേശനം നൽകിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു