പ്രവാസി വ്യവസായി അറക്കല്‍ ജോയിക്ക് യാത്രാമൊഴി

മൃതദേഹത്തിന് അറക്കല്‍ പാലസില്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു.

news@waynad
ആഗോള വ്യവസായിയും, മാനന്തവാടി അറക്കല്‍ പാലസിന്റെ ഉടമയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കപ്പല്‍ ജോയിയെന്ന മാനന്തവാടി അറക്കല്‍ ജോയിക്ക് നാടിന്റെ യാത്രാമൊഴി. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ കുടുംബ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ദുബായില്‍ നിന്നും പ്രത്യേക എയര്‍ ആംബുലന്‍സില്‍ രാത്രി 8 മണിയോടെ മൃതദേഹം കരിപ്പൂരിലെത്തിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ അറക്കല്‍ പാലസിലെത്തിച്ച ഭൗതീക ശരീരം രാവിലെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം ഏഴേ മുക്കാലിന് പള്ളിയിലെത്തിക്കുകയും എട്ടേകാലോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടിയത്.

ജില്ലാ ഭരണകൂടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 20 പേര്‍ മാത്രമാണ് അന്തിമോപചാരം അര്‍പ്പിച്ചത് . രാവിലെ ഏഴരയോടെ പ്രവേശനാനുമതിയുള്ളവരുടെ വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വിലാപ യാത്രയായി കണിയാരം പള്ളിയിലെത്തിച്ചു. കര്‍ശന നിരോധനമുള്ളതിനാല്‍ വീടിന്റെ പരിസരത്തേക്കും പള്ളി പരിസരത്തേക്കും ആരെയും കടത്തിവിട്ടിരുന്നില്ല. ആംബുലന്‍സ് മാനന്തവാടി നഗരത്തിലെത്തിയപ്പോള്‍ റോഡരികില്‍ കാത്തുനിന്നവര്‍ പുഷ്പാര്‍ച്ചന നടത്തുന്ന ഹൃദയസ്പര്‍ശിയായ രംഗങ്ങളും അരങ്ങേറി. ഏഴേ മുക്കാലോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മാതാവിന്റെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ കാര്‍മികത്വം വഹിച്ചു. എം.എല്‍. എ. മാരായ ഒ.ആര്‍. കേളു, ഐ..സി. ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ അറക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചന്‍ ആന്റണി റീത്ത് സമര്‍പ്പിച്ചു. പോലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഏപ്രില്‍ 23ന് ദുബായിലെ ബിസിനസ് ബേയിലെ 14 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ജോയി അറക്കല്‍ ആത്മഹത്യ ചെയ്തത് . കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അദ്ധേഹവുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം തള്ളി പറയുന്നുണ്ട്. ബന്ധുക്കളാരും തന്നെ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു