പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തോട് സംസാരിക്കും

ന്യൂ ഡെൽഹി // പ്രധാനമന്ത്രി ഇന്ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്.

ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂർ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോൺഫറൻസിലാണ് ആറ് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗൺ നീട്ടണമോ അതോ റെഡ്സോണിൽ മാത്രമായി ലോക്ക്ഡൗൺ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പരമാവധി സാമ്പത്തിക നീക്കങ്ങള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി. കോവിഡ് രോഗബാധ വിലയിരുത്തി സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ബംഗാള്‍ മുതലായ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. 

ട്രെയിൻ, വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നൽകിയിരുന്നു. അതിനാൽ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു