പ്രധാനമന്ത്രിയിൽ പ്രതീക്ഷ, ഇന്ന് മുഖ്യമന്ത്രിമാരുമായി കൊവിഡ് അവലോകനം

web desk/kozhikode
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യപിച്ച് അൻപത് ദിനം പൂർത്തിയാകാൻ ഇനി ഒരു നാൾ മാത്രം ബാക്കി. ജനം വീടിനകത്ത് ഇരിപ്പുറപ്പിച്ച് സുരക്ഷക്കൊപ്പം പ്രയാസങ്ങൾ അടക്കിപിടിച്ച് കാത്തിരുന്ന് 50 ദിനരാത്രങ്ങൾ തള്ളി നീക്കുന്നത് പ്രതീക്ഷയുടെ നല്ല നാളുകൾക്ക് വേണ്ടിയാണ്. മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി ഒരു ആഴ്ച കൂടി മുന്നിലുണ്ട്.

ഇതിനിടയിലാണ് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ അവലോകനമാണെങ്കിലും ജനം പ്രധാനമന്ത്രിയിൽ നിന്നും ആശ്വാസത്തിൻ്റെ വാക്കുകൾക്കായി കാത്തിരിക്കുകയാണ്.

പ്രവാസ ലോകത്ത് നിന്നും രാജ്യത്തിലേയ്ക്ക് പ്രവാസികളെ കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചു. നാളെ മുതൽ ഭാഗീകമാണങ്കിലും ട്രയിൻ സർവ്വീസ് തുടരുന്നത് ആശ്വാസമാണ്. എന്നാൽ ഇതിലുപരി രോഗത്തെ കുറിച്ചുള്ള രാജ്യത്തിൻ്റെ നിലപാടും, തുടർ പ്രവർത്തനവും ജനം പ്രതീക്ഷിക്കുന്നുണ്ട്.

ലോക്ക് ഡൗൺ നിയന്ത്രണ വിധേയമായി അവസാനിക്കുമോ?, അസംഘടിത മേഖലയിൽ തൊഴിലെടുക്കാനുള്ള സാധ്യത, ബാങ്ക് മോറോട്ടോറിയം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങളാണ് സാധാരണക്കാരനെ അലട്ടുന്നത്. ഇതിനൊക്കെ താത്ക്കാലികമായി ഒരു പരിഹാരം ഉണ്ടാകുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.

സാധാരണ ജനജീവിതം മുന്നോട്ടു പോകാനുള്ള പദ്ധതികൾ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് ജനം കരുതുന്നത്. ഒന്നര മാസത്തെ അടച്ചിടൽ പുതിയൊരു ജീവിതരീതി രൂപപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇനി വരുമാന മാർഗ്ഗങ്ങൾ തുറക്കുന്ന പ്രതീക്ഷയിലാണ് ജനം ഇന്നത്തെ പ്രധാനമന്ത്രിയുടെ അവലോകന യോഗത്തെ കാണുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു