കോഴിക്കോട് //കുറുന്തോടി യു.പി സ്കൂള്‍ അധ്യാപകന് ഒ.പി നിഖില്‍ തയ്യാറാക്കിയ സിനിഡ്രാമ യു ട്യൂബിലൂടെ ശ്രദ്ധേയമാകുന്നു. ഇംഗ്ലിഷ് എഴുത്തുകാരന് നീല്‍ ഗ്രാന്‍ഡിന്റെ ദ ലാസ്റ്റ് വാര് എന്ന നോവലിലെ സന്ദേശം ഉള്‍ക്കൊണ്ടാണ് ഈ സിനി ഡ്രാമ തയ്യാറാക്കിയത്. പ്രാദേശികമായി അവരവരുടെ വീടുകളില്‍ വച്ച് കുട്ടികള്‍ അഭിനയിച്ച രംഗങ്ങളും സിനിയിലെ ഭാഗങ്ങളും കോര്‍ത്തിണക്കി കാലികമായ പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
പൂര്‍ണമായും സെല്‍ ഫോണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ സിനി ഡ്രാമ ഒരു പുതിയ പരീക്ഷണം തന്നെയാണ്. ചിത്രീകരണവും എഡിറ്റിംഗും എല്ലാം ഫോണിന്റെ സഹായത്തോടെയാണ് ഒരുക്കിയത്. സ്ക്രിപ്റ്റിന്റെ ഭാഗം അഭിനേതാക്കളിലെത്തിച്ച് വീഡിയൊ ഷൂട്ടിങ്ങ് നടത്തി അവരുടെ രക്ഷിതാക്കള്‍ നിഖിലിന് എത്തിച്ചു കൊടുക്കുകയായിരുന്നു.
രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥിനികളായ എ.ആര് ദേവ തീര്‍ത്ഥ, പാര്‍വ്വതി, നാലാം ക്ലാസിലെ നിരഞ്ജന, അഞ്ചീലെ ദേവതീര്‍ത്ഥ, ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളായ ആദിദേവ്, ശ്രീദേവ്, പ്രഫുല്‍ കെ അനൂപ്, ഏഴിലെ വിദ്യാര്‍ത്ഥിനികളായ ശ്രേയ, ശ്വേത എന്നിവരാണ് ഈ സിനി ഡ്രാമയുടെ ഭാഗമാവുന്നത്.
കോവിഡ് 19 ബാധയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചു വീഴവെ, ദുര മൂത്ത മനുഷ്യന് ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ സര്‍വ്വനാശത്തിന് മാത്രമാണെന്ന സന്ദേശം കൊച്ചു കൂട്ടുകാര്‍ തുറന്നടിക്കുന്നു. വൈറസിന്റെ ഉത്ഭവം എവിടുന്നു തന്നെയാവട്ടെ, മനുഷ്യന് നിര്‍മിച്ച ഈ ലോകത്തെ പല തവണ നശിപ്പിക്കാന്‍ ശേഷിയുള്ള ജൈവ-അണു-രാസായുധങ്ങളും നിര്‍മ്മിച്ച് മനുഷ്യന് മത്സരിച്ചു രസിക്കുന്നു. അവസാനത്തെ മനുഷ്യ ജീവിയും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാനുതകുന്ന അന്തിമ യുദ്ധമാണ് അണിയറയില്‍ നടക്കുന്നതെന്ന് ഈ സിനി ഡ്രാമ. നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
മനുഷ്യന് പിന്‍വാങ്ങിയ റോഡുകളിലും തെരുവുകളിലും മാര്‍ക്കറ്റുകളിലും വിഹരിക്കുന്ന ജീവികള്‍ മനുഷ്യനോട് സഹതപിച്ച് അമ്പരന്നു നീങ്ങുന്നു. തെളിഞ്ഞ പുഴകളും, പൂത്തുലഞ്ഞ പ്രകൃതിയും നിര്‍മലമായ അന്തരീക്ഷവും തിരക്കൊഴിഞ്ഞ മെട്രോ നഗരങ്ങളും മനുഷ്യന്റെ പിന്‍വാങ്ങലിലൂടെ ഭൂമിക്ക് തിരികെ ലഭിക്കുന്നു. മനുഷ്യനോടൊപ്പം സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികള്‍ തന്നെയെന്ന ഓര്‍മപ്പെടുത്തല്‍ മാത്രം അവശേഷിക്കുന്നു.
നിഖില്‍ മാസ്റ്ററുടെ സിനിഡ്രാമ ശ്രദ്ധേയമാവുന്നു
