ഡല്‍ഹിയില്‍ നിന്നും ആദ്യട്രെയിൻ കോഴിക്കോട്ടെത്തി, ഇറങ്ങിയത് 252 പേര്‍

ആറ് പേർക്ക് രോഗലക്ഷണം

കോഴിക്കോട്// ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ പ്രത്യേക ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. വിവിധ ജില്ലകളിലെ 252 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്. ചൊവ്വാഴ്ച പകല്‍ 12.20ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട 02432 നമ്പര്‍ നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്പ്രസ് വ്യാഴാഴ്ച രാത്രി 10 നാണ് കോഴിക്കോട്ടെത്തിയത്.

കേരളത്തില്‍ പ്രവേശിക്കുന്ന ട്രെയിനിന്റെ ആദ്യ സ്റ്റോപ്പാണ് കോഴിക്കോട്ടുള്ളത്.
യാത്രക്കാരെ സ്വീകരിക്കാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ രണ്ടു വഴികളാണ് സജ്ജീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌റ്റേഷനില്‍ പത്ത് കൗണ്ടറുകളാണ് ഒരുക്കിയിരുന്നു. ഹൗസ് സര്‍ജന്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വളണ്ടിയര്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘമാണ് യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. സുരക്ഷയുടെ ഭാഗമായി പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു പരിശോധന.

പരിശോധനയില്‍ കൊവിഡ് ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയച്ചു. രോഗലക്ഷണമുള്ളവരെ വിദഗ്ധ ആരോഗ്യസംഘം പരിശോധിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. 6 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. പത്ത് ആംബുലന്‍സുകളാണ് ആശുപത്രിയിലേക്കായി ക്രമീകരിച്ചത്. കൂടാതെ യാത്രക്കാരെ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കാന്‍ 15 കെ.എസ്.ആര്‍.ടി.സി ബസുകളും സജ്ജമാക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കായി രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളും ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ മറ്റൊരു ബസും സ്‌റ്റേഷനിലല്‍ ഒരുക്കി. സ്വകാര്യ വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ മാത്രമേ പാര്‍ക്കു ചെയ്യാന്‍ അനുവദിച്ചുള്ളു. ഈ വാഹനങ്ങളിലെത്തിയവരെ യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്തേക്ക് പ്രവേശിപ്പി ച്ചില്ല. യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തമാക്കാന്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സിന്റെ സേവനമുണ്ട്.

വൈകീട്ട് അഞ്ച് മണിക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവുന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. സുരക്ഷ സംബന്ധിച്ച് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ്അ സി.കമ്മീഷണർ എ.ജെ.ബാബുവിൻ്റെ നേതൃത്വത്തിൽ പൊലീസും സുരക്ഷക്കുണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു