കൊച്ചി// ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാനുള്ള ശ്രമിക് ട്രെയിൻ സർവീസുകൾ ഒഴികെയുള്ള എല്ലാ സ്ഥിരം ട്രെയിൻ സർവീസുകളും റെയിൽവെ റദ്ദാക്കി. ഇതുവരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കിയെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും റെയിൽവെ അറിയിച്ചു. ജൂൺ 30 ന് ശേഷം പുതുക്കിയ വിവരം അറിയിക്കും.
കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ മെയ് 17 മുതൽ നിലവിൽ വരുന്നതിനിടെയാണ് റെയിൽവേ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നത്.
അതേസമയം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ യാത്രയ്ക്ക് മുമ്പ് നടത്തിയ സ്ക്രീനിങ്ങിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യാത്ര നിഷേധിക്കപ്പെട്ടവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുടക്കിയ തുക തിരികെ നൽകുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഇതിനായി ടിടിഇയുടെ സാക്ഷ്യപത്രം സഹിതം ഓൺലൈനായി യാത്ര നിഷേധിക്കപ്പെട്ട് 10 ദിവസത്തിനകം ടിഡിആർ ഫയൽ ചെയ്യണമെന്നും റെയിൽവെ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് വരെ 600 ശ്രമിക് ട്രയിൻ മാത്രം ഓടും.
ട്രയിൻ പ്രത്യേക യാത്ര ആരംഭിച്ച സാഹചര്യത്തിൽ രോഗ വ്യാപനം ഉണ്ടാവാൻ ഇടയുണ്ടന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇതോടെപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രയിൻ മാർഗം വരുന്നവർക്കും കേരളം പാസ് നിർബന്ധ മാക്കി.
