ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

കോഴിക്കോട്// കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍  ഇന്ന് (മെയ് 13) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ നിന്നുള്ള വിമാനം രാത്രി 9.15 നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05 നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്തുന്നവരെ കോവിഡ് ജാഗ്രതാ നടപടികള്‍ ഉറപ്പാക്കിയാണ് വിമാനത്താവളത്തില്‍ സ്വീകരിക്കുക. ആരോഗ്യ പരിശോധനയ്ക്കും വിവര ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കും ശേഷം വിമാനത്താവളത്തിനു പുറത്തിറങ്ങുന്ന ഒരോ പ്രവാസിയ്ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

തിരിച്ചെത്തുന്നവരില്‍ പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ചികിത്സാവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു