ഖത്തറിൽ നിന്ന് പ്രവാസികളെ എത്തിക്കാം, കേന്ദ്രം കനിയണം: കെഎംസിസി

കോഴിക്കോട്// കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ കുടുങ്ങിയ കേരളീയരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേകം ചാർട്ടർ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി കുമാരൻ എന്നിവർക്കും, പിന്തുണ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.

വിവിധ രോഗങ്ങൾ കൊണ്ട് കഷ്ടത അനുഭവിക്കുന്നവർ, ചികിത്സ മുടങ്ങിയവർ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ട് താമസവും ഭക്ഷണവും ഇല്ലാത്തവർ, തൊഴിലന്വേഷകരായി വന്ന് തിരികേ പോകാൻ സാധിക്കാത്തവർ അടക്കം നിരവധി പേരാണ് ഇന്ത്യൻ എമ്പസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
വളരെ പരിമിതമായ സീറ്റുകൾ ഉള്ള നിലവിലെ വിമാനങ്ങളിൽ ഇത്രയധികം ആളുകളെ നാട്ടിലയക്കുക കാലതാമസമെടുക്കുന്ന പ്രക്രിയ ആണെന്നും പ്രത്യേക ചാർട്ടർ വിമാനത്തിന് അനുമതി ലഭിച്ചാൽ മിതമായ നിരക്കിൽ ആളുകളെ നാട്ടിലെത്തിക്കാൻ കെ എം സി സി സജ്ജമാണെന്നും കത്തിൽ സൂചിപ്പിച്ചു.

നേരത്തെ കെ എം സി സി ഖത്തർ കമ്മിറ്റിയുടെ ഇടപെടലുകളെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി ഖത്തറിൽ നിന്നും കൂടുതൽ വിമാനം അനുവദിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര മന്ത്രിമാർക്ക് കത്തയച്ചിരുന്നു.

ഇതു സംബന്ധിച്ച് ഖത്തർ എയർവേയ്‌സ് എയർ ഇന്ത്യ അധികൃതരുമായി പ്രാഥമിക ചർച്ച നടത്തിയതായും ഇന്ത്യയിൽ നിന്നുള്ള തീരുമാനം അനുകൂലമായാൽ എത്രയും പെട്ടെന്ന് ഇത് യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ യെന്നും കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നും ഇതിനുള്ള പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു