കോവിഡ്: ഇനി വേണ്ടത് ഗഹനമായ ഗവേഷണ അന്വേഷണം

കോവിഡ് 19 രോഗവ്യാപനം ലോകെത്തയാകമാനം ആശങ്കയിലാഴ്ത്തുമ്പോള്‍ത്തന്നെ ശാസ്ത്രലോകത്തെ അതുണര്‍ത്തുകയും വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ ജനിതക ശാസ്ത്രജ്ഞന്മാര്‍, മൈക്രോബയോളജിസ്റ്റുകള്‍, എപ്പിഡെമിയോളജിസ്റ്റുകള്‍, സാംക്രമികരോഗ വിദഗ്ധര്‍, മരുന്നു ഗവേഷണ വിദഗ്ധര്‍, മാനസികരോഗ വിദഗ്ധര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തുടങ്ങി സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വരെയുള്ള കൂട്ടായ്മകള്‍ കോവിഡ് 19 ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മുന്‍കാല പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് വ്യാപനത്തിന്റെ വേഗതയും, രോഗബാധിതമായ രാജ്യങ്ങളുടെ കാര്യത്തിലും കോവിഡ് 19 ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധ വളരെ പെട്ടെന്ന് പിടിച്ചുപറ്റി. താരതമ്യേന നിസ്സാരവല്‍ക്കരിക്കപ്പട്ട രോഗത്തിന്റെ ആരംഭദശയില്‍നിന്നും പെട്ടെന്ന് വന്‍കരകള്‍ കടന്നുള്ള വ്യാപനവും, വികസിത രാജ്യങ്ങളിലെ മരണനിരക്കും പൊതുവെ ലോകജനത ആരോഗ്യരംഗത്തെപ്പറ്റി പുലര്‍ത്തിവന്നിരുന്ന വിശ്വാസ പ്രമാണങ്ങളെ അട്ടിമറിക്കുന്നതായതുകൊണ്ടും ഗവേഷകരെ ആശ്ചര്യചകിതരാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങളുള്ള രാജ്യമെന്നു കരുതുന്ന അമേരിക്കയിലെ രോഗികളുടെ എണ്ണവും മരണനിരക്കും പൊതുവെ എല്ലാവരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഇതെല്ലാംകൊണ്ടുതന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും ഗഹനമായ ഗവേഷണ അന്വേഷണങ്ങള്‍ക്ക് കോവിഡ് 19 പാത്രമാകുമെന്നതില്‍ സംശയമില്ല.

കോവിഡ് ലോകവ്യാപന അടയാളമാപ്പ്
  • ഡോ. വി.ജി. പ്രദീപ് കുമാര്‍

ഗവേഷണമേഖലകള്‍ ഏതെല്ലാം ?

കോവിഡ് 19 വിവിധതലങ്ങളിലുള്ള ഗവേഷണങ്ങള്‍ക്ക് സാധ്യത നല്‍കുന്നു. ലോകത്താകമാനം പടര്‍ന്ന സാംക്രമികരോഗ (PANDEMIC) മെന്ന നിലയ്ക്ക് രോഗത്തിന്റെ പ്രഭവം, വ്യാപനം, സങ്കീര്‍ണ്ണതകള്‍ എന്നിവ പഠനവിഷയങ്ങളാക്കാന്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ രോഗവ്യാപനരീതി, സാമൂഹ്യജീവിത രീതികളുമായുള്ള ബന്ധം, കാലാവസ്ഥാ സ്വാധീനം, വ്യാപനം തടയുന്നതില്‍ ലോക്ഡൗണ്‍ തുടങ്ങിയ സാമൂഹ്യ നിയന്ത്രണങ്ങളുടെ പങ്ക് എന്നിവ പ്രമുഖ ഘടകങ്ങളായി ഗവേഷകര്‍ക്കുമുമ്പില്‍ നില്‍ക്കുന്നു. സമൂഹദൂരപാലനം, വ്യക്തിശുചിത്വം, സമ്പര്‍ക്കശ്രേണി കണ്ടെത്തല്‍ എന്നീ ഘടകങ്ങളും പരിശോധിക്കപ്പെടുന്നു. സമ്പര്‍ക്കശ്രേണിയില്‍പെടാത്തവര്‍ക്കുപോലും രോഗം സ്ഥിരീകരിക്കുന്നത് ഗവേഷകരെ കുഴയ്ക്കുന്ന ചോദ്യമായി നില്‍ക്കുന്നു. രോഗലക്ഷണങ്ങളും സങ്കീര്‍ണ്ണതകളും വിശകലനം ചെയ്യപ്പെടേണ്ട രണ്ടാമത്തെ പ്രധാനകാര്യമാണ്. പ്രായംചെന്നവരി (60 വയസ്സിനു മുകളില്‍) ലാണ് രോഗാതുരതയും മരണനിരക്കും കൂടുതല്‍ എന്നു കാണുമ്പോഴും വളരെയധികം ചെറുപ്പക്കാര്‍ (40 വയസ്സിനു താഴെ) ശ്വാസതടസ്സം മൂലം മരണപ്പെട്ടതായുള്ള വസ്തുത പഠനവിഷയമാക്കേണ്ടതാണ്. രോഗം മൂര്‍ച്ഛിച്ചവരില്‍ പ്രായഭേദമന്യേ വലിയൊരു ശതമാനം മരണത്തിനു കീഴടങ്ങിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണനിരക്ക് 2 മുതല്‍ 3% വരെയാണ് പല രാജ്യങ്ങളിലുമെങ്കില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ മരണനിരക്ക് ഈ ശതമാനത്തേക്കാള്‍ കൂടുതലാണ്. സഹരോഗാതുരതകള്‍, കൃത്രിമ ശ്വാസോച്ഛാസം നല്‍കാനുള്ള സംവിധാനങ്ങളുടെ അഭാവം, ഇനി ചികിത്സ നല്‍കേണ്ടതില്ല (do not resuscitate)) എന്നിവ വളരെ പ്രായം ചെന്നവരിലെ (75 നു മുകളില്‍) ഉയര്‍ന്ന മരണനിരക്കിനു ഹേതുവാകാം. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ക്കു പുറമെ, നാഡീവ്യൂഹത്തേയും, പേശികളെയും ചുരുങ്ങിയ തോതില്‍ ഹൃദയമിടിപ്പിനേയും കോവിഡ് 19 സങ്കീര്‍ണ്ണതകള്‍ ബാധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
രോഗ ചികിത്സയുമായി ബന്ധപ്പെട്ട ഏകദേശം അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറത്തു വന്നിട്ടുണ്ട്. വിവിധതരം മരുന്നുകള്‍, പ്ലാസ്മാ തെറാപ്പി, പ്രതിരോധ കുത്തിവെയ്പ്പുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
മരുന്നുകളില്‍ രോഗത്തിന്റെ വ്യാപ്തിയും സങ്കീര്‍ണ്ണതകളും കുറയ്ക്കുന്നതിനുവേണ്ടിയുള്ളവ (ഹൈഡ്രോക്സി ക്ലോറോക്വിന്‍, HIV – അണുബാധയ്ക്കുള്ള മരുന്നുകള്‍) വളരെയധികം രോഗികള്‍ക്ക് നല്‍കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

രോഗവിമുക്തി നേടിയ ആളുകളുടെ രക്തത്തിലെ പ്ലാസ്മാഘടകം വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു നല്‍കുന്ന രീതിയാണ് പ്ലാസ്മാ തെറാപ്പി. ഇന്ത്യയില്‍ ഇതിന് ഗവേഷണാംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) നല്‍കിയിട്ടുണ്ട്.

ലോക് ഡൗണും,
രോഗവ്യാപന നിയന്ത്രണവും

വിവിധ ലോകരാജ്യങ്ങളില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ (അടച്ചിടല്‍) രോഗവ്യാപന നിയന്ത്രണത്തിന് സഹായകയായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. സിംഗപ്പൂര്‍, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷമുള്ള കോവിഡിന്റെ രണ്ടാംവരവ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. എന്നാല്‍ സമൂഹവ്യാപനം നടന്നുകഴിഞ്ഞ പല യൂറോപ്യന്‍ രാജ്യങ്ങളിലും ലോക്ഡൗണ്‍ വേണ്ടത്ര ഗുണം ചെയ്തുവോ എന്നു ഗവേഷകര്‍ സംശയമുന്നയിക്കുന്നുണ്ട്. സ്വീഡന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ സ്‌കൂളുകളുള്‍പ്പെടെ പ്രവര്‍ത്തിക്കുമ്പോഴും രോഗികളുടെ സംഖ്യ വലിയ തോതില്‍ ഉയരാതെയുള്ള കാഴ്ചയും ഗവേഷകര്‍ക്ക് പഠന വിഷയമായിട്ടുണ്ട്.

സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികള്‍

കോവിഡ് 19 സാമ്പത്തികരംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളും തന്മൂലമുള്ള സാമൂഹ്യ പ്രതിസന്ധികളും ലോകത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആശങ്കയോടെയാണ് കാണുന്നത്. വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലെ ജീവിതത്തെ കോവിഡ് 19 ചുഴറ്റിയെറിഞ്ഞു കഴിഞ്ഞു. ലോകസമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കിയ ഇതുപോലൊരു സംഭവം കഴിഞ്ഞ കുറെ ദശകങ്ങളായുണ്ടായിട്ടില്ല. അന്താരാഷ്ട്ര നാണയ നിധി (IMF), ലോകബാങ്ക് എന്നിവ വരാനിരിക്കുന്ന ലോകസാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഇപ്പോഴേ ശക്തമായ സുചനകള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സഭയാകട്ടെ ലോകത്ത് വലിയ ഭക്ഷ്യക്ഷാമവും, അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും പ്രവചിക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മരുന്നുക്ഷാമം, ഇതര സാംക്രമിക – ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണം എന്നീ ഭാവിയിലെ ആശങ്കാജനകമായ കാര്യങ്ങളെപ്പറ്റി സാമൂഹിക സാമ്പത്തിക വിദഗ്ധര്‍ ഗഹനമായിത്തന്നെ നിരീക്ഷിക്കുവാനും പഠിക്കുവാനും തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തില്‍ കോവിഡ് 19 വിവിധ മേഖലകളിലെ ഗവേഷകര്‍ക്ക് ചുരുങ്ങിയത് ഒരു ദശാബ്ദക്കാലത്തേയ്ക്കുള്ള പഠന വിഷയങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്. രാജ്യങ്ങളുടെ അതിര്‍ത്തിക്കപ്പുറം മാനവരാശിയുടെ നന്മയ്ക്കായുള്ള ഗവേഷക കൂട്ടായ്മയും സഹകരണവുമാണ് ഇന്നിന്റെ ആവശ്യം. ലോകജനതയെ പ്രതിസന്ധിയിലാക്കിയ കോവിഡ് 19 ന്റെ പരിണിതഫലങ്ങളെ ശാസ്ത്രീയമായ പഠന-ഗവേഷണങ്ങളിലൂടെയുള്ള പരിഹാരങ്ങള്‍കൊണ്ടു മാത്രമെ നമുക്ക് മറികടക്കാനാവൂ. ഇവിടെ ശാസ്ത്ര – ഗവേഷക സമൂഹത്തെ നയിക്കേണ്ടത് കേവലം സ്ഥാപിത-കച്ചവട താല്‍പ്പര്യങ്ങള്‍ക്കപ്പുറം ലോകമാനവരാശിയുടെ ക്ഷേമവും അതിജീവനവും മാത്രമായിരിക്കണം.

ഡോ. വി.ജി. പ്രദീപ് കുമാര്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു