കോഴിക്കോട് രണ്ടിടത്ത് കുടിയേറ്റ തൊഴിലാളികള്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

പേരാമ്പ്ര // ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി പാറക്കടവില്‍ കുടിയേറ്റ തൊഴിലാളികള്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്വദേശങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന ഇവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ബന്ധുക്കളും നാട്ടുകാരുമായ പലരും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് സര്‍ക്കാര്‍ ഒരുക്കിയ സൗകര്യമുപയോഗിച്ച് പോയിരുന്നു. തങ്ങള്‍ക്കും പോവാന്‍ സംകര്യമൊരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
കാലത്ത് പാലേരി വില്ലേജ് ഓഫീസര്‍ കെ. പ്രദീപന്‍ ഇവരുടെ താമസ സ്ഥലത്തെത്തി ഇവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോയതാണ്. അതിനുശേഷമാണ് പാറക്കടവിലും കുമ്പളത്തും താമസിക്കുന്ന 70 ഓളം വരുന്ന ബീഹാര്‍, പശ്ചിമബംഗാള്‍ സ്വദേശികള്‍ ഒന്നിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ മനീഷ് സ്ഥലത്തെത്തി. തൊഴിലാളികളുമായി സംസാരിക്കുന്നതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ സബ്ബ് ഇന്‍സ്പക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റി.
ഈ സമയം എസ്‌ഐയുടെ കൂടെ പൊലീസ് ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
രാവിലെ കോഴിക്കോട് നഗരത്തിൽ പാറോ പടിയിൽ നൂറിലേറെ പേർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തി വിരട്ടിയോടിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു