കൊവിഡ്: വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്// കേരളത്തിൽ കൊവിഡ് ചികിത്സയിൽ ഉണ്ടായ ഒരു സ്ത്രീ മരിച്ചു. വിവിധ അസുഖങ്ങൾക്ക് ചികിത്സ നടത്തുന്നതിനിടയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാൻസർ രോഗബാധിതയായിരുന്ന ആമിന, ഇരുപതാം തിയതി ദുബായിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധനയ്ക്ക് അയച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാൻസർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതൽ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം കണ്ണംപറമ്പിൽ നടക്കും.

ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത്, ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്. ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു