കോഴിക്കോട്// കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂർ ധര്‍മ്മടം സ്വദേശി 63 കാരി മരിച്ചു. ധർമ്മടം ബീച്ച് റിസോട്ടിന് സമീപത്തെ ഫർസാന മൻസിലിൽ ആസ്യ(63) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. രാത്രി പത്തു മണിയോടെ മരിച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
ഇവരുടെ ഭർത്താവ്, മക്കളും ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വയനാട് സ്വദേശിനി 53 കാരിയും ആഴ്ചകൾക്ക് മുമ്പ് പിഞ്ചുകുഞ്ഞും മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ചിരുന്നു.