ആലപ്പുഴ// കേരളത്തിൽ കൊവിഡ് ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാൾ അബുദാബിയിൽ നിന്ന് എത്തി ചികിത്സയിലായിരുന്നു. ഇയാൾക്ക് കടുത്ത കരൾ സംബന്ധമായ രോഗമുണ്ടായിരുന്നു. മരണകാരണം കൊവിഡ് 19 വൈറസാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ മരണം ഒമ്പതായി. രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി (65) യും വെള്ളിയാഴ്ച പുലർച്ചെ മരിച്ചിരുന്നു.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുമ്പോള്‍ ഇത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതു തന്നെയാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ ബെഡ്ഡുകള്‍ സജ്ജമാണ്. അതില്‍ ഇപ്പോള്‍ 1080 പേരാണ് ഉള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49,702 കിടക്കകള്‍, 1369 ഐസിയു കിടക്കകള്‍, 1045 വെന്റിലേറ്ററുകള്‍ എന്നിവയുണ്ട്. സ്വകാര്യമേഖലയില്‍ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്.
851 കൊറോണ കെയര്‍ സെന്ററുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു എന്നതുകൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുവരെയായി 1,33,249 പ്രവാസി മലയാളികളാണ് ഈ ഘട്ടത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 73,421 പേര് വന്നത് റെഡ്സോണുകളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 16,474 പേരുമാണ് ഇങ്ങനെ എത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് നൂറുദിവസം പിന്നിട്ടപ്പോള്‍ നാം കോവിഡ് കര്‍വ് ഫ്ളാറ്റണ്‍ ചെയ്തു. അന്ന് കേസുകളുടെ എണ്ണം 16 ആയിരുന്നു. ഇന്ന് അത് 577 ആണ്.
ഇന്നലെ 84 കേസ് ഉണ്ടായതില്‍ സമ്പര്‍ക്കംമൂലം വന്നത് അഞ്ചുപേര്‍ക്കാണ്. ഈ ആഴ്ചത്തെ കണക്കെടുത്താല്‍ ഞായറാഴ്ച 53 കേസില്‍ സമ്പര്‍ക്കം 5. തിങ്കളാഴ്ച 49ല്‍ 6, ചൊവ്വ 67ല്‍ 7, ബുധന്‍ 40ല്‍ 3, ഇന്ന് 62ല്‍ ഒന്ന്. അതായത് ഈയാഴ്ച ഇതുവരെ വന്ന 355ല്‍ 27 ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. മെയ് പത്തു മുതല്‍ 23 വരെയുള്ള കണക്കുനോക്കിയാല്‍ 289 പുതിയ കേസുകളില്‍ 38 ആണ് സമ്പര്‍ക്കം വഴി വന്നത്. മെയ് 10 മുതല്‍ ആകെയുള്ള 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. 10.09 ശതമാനം. ഇപ്പോഴുള്ള 557 ആക്ടീവ് കേസില്‍ സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത് 45 പേര്‍ക്കാണ്.
കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാനത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലായി രോഗബാധയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരും. മാര്‍ക്കറ്റുകള്‍ ചിലത് രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കി ഇടപെടണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.