കൊവിഡിൽ കുടുങ്ങിയ കേരളത്തിന് 3860 കോടിയുടെ “സുഭിക്ഷ കേരളം”

യുവാക്കളെയും പ്രവാസികളെയും
കൃഷിയിൽ ആകർഷിപ്പിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം// കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിന് തുടർന്നുള്ള സാമ്പത്തിക തകർച്ച നേരിടാൻ ജനങ്ങളെ ഒത്ത് ചേർത്ത് ബൃഹത് പദ്ധതിക്ക് സർക്കാർ ഒരുങ്ങുന്നു.
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വഴി 3860 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യബന്ധനം – 2078 കോടി എന്നീ മേഖലകളിലാണ് പദ്ധതി.
പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ്-19 സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്‍റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവ് നമ്മുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രയാസത്തിലാക്കും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി.


പച്ചക്കറി കൃഷി നാട്ടില്‍ ഒരു സംസ്കാരമായി വളര്‍ന്നിട്ടുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോള്‍ ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളര്‍ത്താന്‍ കഴിയും. ചെറിയ കുളങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ മത്സ്യസമ്പത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും.
കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും കൃഷിവകുപ്പ് നല്‍കും. അതനുസരിച്ചാണ് നീങ്ങേണ്ടത്. ഇക്കാര്യത്തില്‍ നാമെല്ലാം ഒന്നിച്ചിറങ്ങിയാല്‍ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

സാധാരണഗതിയില്‍ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രധാന ചുമതല കാര്‍ഷിക വായ്പ നല്‍കലാണ്. എല്ലാ കൃഷിക്കും വായ്പ നല്‍കണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു