കൊറോണ വൈറസിന് ജനിതക വ്യതിയാനം, പഠനവുമായി യുഎസ് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: ലോകത്ത് തന്നെ ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി സ്ഥിരീകരിച്ച് യുഎസ് ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തുകയായിരുന്നു. ഈ വിഭാഗം ആദ്യത്തെ കൊവിഡ് പടര്‍ത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായവരെ വീണ്ടും ആക്രമിക്കുന്ന തരത്തിലുള്ളതാണ് ജനിതക മാറ്റം സംഭവിച്ച ഈ വൈറസ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു’, എന്നാണ് ലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്. ഇത്തരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ മാരകമായ ഈ ശ്രേണിയെ കുറിച്ച് നേരത്തെ തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

പുതിയ കണ്ടെത്തല്‍ 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സ്വില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ള 6,000ത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളുടെ ഒരു കമ്ബ്യട്ടേഷണല്‍ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞര്‍ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു