കേരളം നാളെ പുറത്തിറങ്ങും; ഇളവുകൾ ഇന്നറിയാം

by : aswathi p
കൊച്ചി// നാലാംഘട്ട ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയെങ്കിലും കേരളത്തിൽ നിയന്ത്രണങ്ങൾ എങ്ങിനെയെല്ലാമാണന്ന് ഇന്ന് വൈകീട്ടോടെ അറിയും.
സംസ്ഥാനങ്ങൾക്ക് ചില മേഖലകളിൽ നിയന്ത്രണാധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമായിരികും മുഖ്യമന്ത്രി ഇളവുകൾ വിശദീകരിക്കുക. നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരും. വിദ്യാഭ്യാസ മേഖല തുറക്കാത്ത സാഹചര്യത്തിൽ സ്ക്കൂൾ പരീക്ഷകളെ കുറിച്ച് അന്തിമ തീരുമാനവും ഇന്നറിയാം.

സോണുകൾ തരംതിരിക്കൽ, സംസ്ഥാനത്തികത്തെ പൊതുഗതാഗതം, അയൽ സംസ്ഥാനത്തേയ്ക്കുള്ള പൊതുഗതാഗതം എന്നിവ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടത്. ഈ സാഹചര്യത്തിൽ ബസ് സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ തന്നെ കെ.എസ്.ആർ.ടിസി സർവ്വീസ് ആയിരിക്കും സാമൂഹ്യ അകലം പാലിച്ച് ആദ്യം തുടങ്ങാൻ സാധ്യത.

പ്രധാന നിർദ്ദേശങ്ങൾ:

അന്തർ ജില്ലാ യാത്രകൾക്ക് കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. ഓട്ടോ,​ ടാക്സി, കാബ് ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളും ബസുകൾക്കും പോകാം. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും തുടരുക.
ബാർബർഷാപ്പ്, ബ്യൂട്ടി പാർലർ തുറക്കാൻ അനുമതിയുണ്ട്. കടകളും തുറക്കാം. പക്ഷേ, ഒരു കടയിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല. പുറത്തിറങ്ങുന്ന എല്ലാവർക്കും വായമറ( മാസ് ക്) നിർബന്ധമാണ്.
രാത്രി സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്ത് പൊതുസഞ്ചാരം അനുവദിക്കില്ല. അവശ്യ സർവ്വീസ് മാത്രം. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെ പ്രായമുള്ളവരും ഗർഭിണികളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും വീടുകൾക്ക് അകത്ത് തന്നെ കഴിയണമെന്ന നിർദ്ദേശം തുടരുന്നുണ്ട്.

‘ആരോഗ്യ സേതു ‘ ആപ്പ് എല്ലാ മൊബൈൽ ഉപഭോക്താവും ഡൗൺലോഡ് ചെയ്യണം. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന സ്ക്കൂൾ അഡ്മിഷൻ പ്രവർത്തനം തുടരാം. കുട്ടികളെ അഡ്മിഷന് കൊണ്ടു പോകരുത്.
ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു