കുവൈത്ത്, ജിദ്ദ വിമാനങ്ങൾ ഇറങ്ങി, 347 പ്രവാസികൾ കൂടി കരിപ്പൂരില്‍ തിരിച്ചെത്തി

ആറ് പേര്‍ക്ക് കൊവിഡ് ലക്ഷണം
രോഗ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി

മലപ്പുറം //  കേരളത്തിന്റെ സുരക്ഷയിലേക്ക് രണ്ട് വിമാനങ്ങളിലായി 347 പ്രവാസികൾ കരിപ്പൂരിൽ എത്തി. കുവൈത്തില്‍ നിന്ന് 192 യാത്രക്കാരും ജിദ്ധയിൽ നിന്ന് 155 പ്രവാസികളുമാണ് വന്നത്.

ഐ.എക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 10 മണിയ്ക്ക് എത്തിയ വിമാനം കനത്ത മഴയെ തുടര്‍ന്ന് 15 മിനുട്ട് വൈകിയാണ് ലാന്റ് ചെയ്തത്.  ജിദ്ദയിൽ നിന്നുള്ള എഐ960 എയർ ഇന്ത്യ വിമാനം പുലർച്ചെ 1.15 നാണ് ഇറങ്ങിയത്.

കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെത്തിയവരില്‍ 42 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ – നാല്, എറണാകുളം – 10, ഇടുക്കി – ഒന്ന്, കണ്ണൂര്‍ – 12, കാസര്‍കോഡ് – എട്ട്, കൊല്ലം – ഒന്ന്, കോഴിക്കോട് – 84, പാലക്കാട് – 17, പത്തനംതിട്ട – അഞ്ച്, തൃശൂര്‍ – ഏഴ്, വയനാട് – ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം.

കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറ് പേരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍  ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

13 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍
മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 113 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 52 കുട്ടികള്‍, 35 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണം. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരുടെ പ്രാഥമിക നടപടികൾ നടക്കുന്നുണ്ട്.

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു