കുറ്റ്യാടിപുഴ കരയെടുക്കുന്നു: സമീപവാസികളുടെ മനസിൽ പ്രളയവും

by balakrishnan perambra
പേരാമ്പ്ര // വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടിപ്പുഴയോരം ഇടിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. കനത്ത മഴകൂടിയായാൽ ഈ ആശങ്കയും കൂടും .കഴിഞ്ഞ പ്രളയത്തിൽ കരകളിടിഞ്ഞ് ഫലവൃക്ഷങ്ങൾ കടപുഴകി പുഴയിൽ ഒഴുകി പോയി. തീരങ്ങള്‍ ഇടിഞ്ഞ് പല സ്ഥലങ്ങളിലും കര പുഴയെടുത്തു.

വര്‍ഷങ്ങളായി മഴക്കാലത്ത് പുഴത്തീരം ഇടിയാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തിലാണ് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയത് . ചെറുവണ്ണൂര്‍, പേരാമ്പ്ര, ചങ്ങരോത്ത് ,കുറ്റ്യാടി, തിരുവള്ളൂര്‍, വേളം, തുറയൂര്‍, മണിയുര്‍ ,പഞ്ചായത്തിലെ തിരദേശവാസികള്‍ക്കാണ് കനത്ത നഷ്ടം ഉണ്ടായിട്ടുള്ളത്. പല സ്ഥലങ്ങളിലും കുറഞ്ഞ സ്ഥലത്ത് മാത്രമാണ് ഭിത്തി നിര്‍മിച്ചത്.

പുഴത്തീരം കെട്ടി സംരക്ഷിക്കണം എന്നത് പ്രദേശവാസികളുടെ വളരെ കാലത്തെ ആവശ്യമാണ്. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന്  പ്രദേശത്തെ ജനങ്ങളുടെ ആരോപണം. പുഴത്തീരത്തുള്ള  തെങ്ങ് ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചുപോകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. അര ഏക്കറോളം ഭൂമി വരെ നഷ്ടപ്പെട്ട കര്‍ഷകര്‍ ഉണ്ട്. പുഴയുടെ ഇരുഭാഗത്തുമായി താമസിക്കുന്നവർ അടുത്ത മഴക്കാലത്തെ ഭീതിയോടെ കാത്തിരിക്കുകയാണ്. നിരവധി തവണ നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ജനപ്രതിനിധികള്‍ പലരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

കുറ്റ്യാടിപ്പുഴയുടെ തീരങ്ങള്‍ കെട്ടി സംരക്ഷിക്കണമെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബഹുജന സംഘടനകൾ ആവശ്യപ്പെട്ടു. ഭൂമിയും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുഴത്തിരത്ത് അപകടാവസ്ഥയില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്ത് മാറ്റി സ്ഥാപിക്കണമെന്നും  ആവശ്യമുയർന്നു .

അതേസമയം ചെറുവണ്ണൂർ പഞ്ചായത്തിൽ  പുഴ കെട്ടി സംരക്ഷിക്കുന്നതിന് 10 കോടി രൂപ യുടെ എസ്റ്റിമേറ്റ് തയ്യറാക്കിയതായും, നടപടി തുടങ്ങിയതായും ചെറുവണ്ണൂർഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ പി ബിജു പറഞ്ഞു. . ഗ്രാമപഞ്ചായത്തിലെ ആവള, പെരിഞ്ചേരിക്കടവ്, കോവുപ്പുറം തുടങ്ങിയ ആറ് സ്ഥലങ്ങളിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാവുകയെന്നും കോവിഡ് പ്രശ്നം തീരുന്നതോടെ പദ്ധതി പ്രവർത്തനം തുടങ്ങുമെന്നും പ്രസിഡൻറ് കൂട്ടി ചേർത്തു.

എന്നാൽ കൊവിഡ് മഹാമാരിക്കെതിരെ രാജ്യം പൊരുതുന്ന സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാവാൻ കാലതാമസ മുണ്ടാകും എന്നും നാട്ടുകാർ പറയുന്നു. ഈ മഴക്കാലവും ഭീതിയില്ലാതെ കടന്നു പോകണമെന്നാണ് ജനം പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു