വടകര // കുറ്റിയാടി മാര്‍ക്കറ്റില്‍ സിവില്‍ സപ്ലൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ട മൂന്ന് പച്ചക്കറിക്കടകളും കോഴി സ്റ്റാളുകളും താല്‍ക്കാലികമായി അടപ്പിച്ചു. അമിതവില ഈടാക്കുന്നതായും വില വിവരപ്പട്ടിക ഇല്ലാതെ വില്പന നടത്തുന്നതായുമുള്ള നിരവധി പരാതികള്‍ സപ്ലൈ ഓഫീസില്‍ ലഭിച്ചിരുന്നു.
കുറ്റിയാടി മാര്‍ക്കറ്റില്‍ വില വിവരപ്പട്ടിക ഇല്ലാതെയും ആവശ്യമായ ലൈസന്‍സുകള്‍ എടുക്കാതെയും കച്ചവടം നടത്തിയ വി.കെ.എസ് വെജിറ്റബ്ള്‍സ്, കെ.പി വെജിറ്റബ്ള്‍സ്, കെ.എം.വെജിറ്റബ്ള്‍സ് എന്നീ പച്ചക്കറി കടകള്‍ താത്കാലികമായി അടപ്പിച്ചു. ആവശ്യമായ ലൈസന്‍സുകള്‍ സപ്ലൈ ഓഫീസില്‍ ഹാജരാക്കിയ ശേഷം മാത്രം തുറന്നു പ്രവര്‍ത്തിക്കാനും നിര്‍ദേശിച്ചു.
മത്സ്യ മാര്ക്കെറ്റിനകത്തുള്ള പൂളക്ക ചിക്കന്‍ സ്റ്റാളില്‍ നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ ഹാജരാക്കാത്തതിനാലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സൂക്ഷിച്ചതു കൊണ്ടും താത്കാലികമായി അടപ്പിച്ചു. സമീപത്തൂള്ള സ്വദേശി ചിക്കന്‍ സ്റ്റാള്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കടയ്ക്കുള്ളില്‍ ആവശ്യമായ ശുചിത്വവും സൗകര്യവും ഏര്പ്പെടുത്തേണ്ടതിലേക്ക് ഈ കട സ്ഥിരമായി അടപ്പിച്ചു .

കോഴി കടകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സടക്കമുള്ള ആവശ്യമായ രേഖകളൊന്നും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലായി.. ഇക്കാര്യങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
റിവര്‍ റോഡില്‍ പാക്കിങ് സ്ലിപ് ഇല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ കിഴങ്ങ് വറുത്തത്, ഫ്രെയിംസ് എന്നിവ സൂക്ഷിച്ച ഹാപ്പി ഡേ ഹൈപ്പര്‍ മാര്‍ക്കറ്റ് താത്കാലികമായി അടപ്പിച്ചു. .പോലീസ്, ലീഗല്‍മെട്രോളജി, പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗം എന്നിവ സംയുക്തമായാണഅ പരിശോധന നടത്തിയത്. രേഖകളില്ലാതെ രണ്ടു അളവുതൂക്ക മെഷിനുകള്‍ ലീഗല്‍ മെട്രോളജി കണ്ടെടുത്തു. മാര്‍ക്കെറ്റില്‍ വൃത്തിഹീനമായ രീതിയില്‍ കഷണങ്ങളാക്കി സൂക്ഷിച്ച മത്സ്യങ്ങള്‍ നശിപ്പിച്ചു.
