ഇന്നലെ ബഹ്‌റനില്‍ നിന്നു വന്ന നാല് പേര്‍ക്ക് കൊവിഡ്

കോഴിക്കോട് മൂന്ന്, പാലക്കാട് ഒന്ന്

മലപ്പുറം// ബഹ്റനില്‍ നിന്നെത്തിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.
കോവിഡ് കെയര്‍ സെന്ററുകളില്‍ 92 പേരാണ് ഉള്ളത്. ബഹ്റിനില്‍ നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മലപ്പുറം ജില്ലയിലെ 13 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റിയ നാല് പേരും മലപ്പുറം സ്വദേശികളാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍, കാസര്‍കോഡ് ജില്ലയിലെ ആറ് പേര്‍, കോഴിക്കോട് ജില്ലയിലെ 40 പേര്‍, പാലക്കാട് ജില്ലയിലെ മൂന്ന് പേര്‍, തൃശൂര്‍ ജില്ലയിലെ രണ്ട് പേര്‍ എന്നിവരെ അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.

65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 31 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരടക്കം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 85 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 10 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.
എറണാകുളം – ഒന്ന്, കണ്ണൂര്‍ – 26, കാസര്‍കോഡ് – 12, കൊല്ലം – ഒന്ന്, കോഴിക്കോട് – 21, പാലക്കാട് – നാല്, പത്തനംതിട്ട – ഒന്ന്, തൃശൂര്‍ – മൂന്ന്, വയനാട് – അഞ്ച് എന്നിങ്ങനെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഗോവയിലേയ്ക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേയ്ക്ക് മടങ്ങി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു