
news@kasarkode
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടക്ക യാത്ര തുടങ്ങി. കാസർക്കോട് സംസ്ഥാന അതിർത്തിയായ തലപ്പാടിയില്‍ പരിശോധന തുടങ്ങി.
100 ഹെല്പ് ഡെസ്ക്കുകള്‍ വഴിയാണ് പരിശോധന. ദേശീയ പാതകളായ 66, 47, 48 എന്നിവയിലൂടെ കേരളീയരായ വ്യക്തികള്‍ സ്വദേശത്തേക്ക് മടങ്ങുന്നതിന് സാധ്യതയുണ്ട്. ഇവരില്‍ കൂടുതലും ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളളവരാണെന്നും ഏകദേശം 4500 ഓളം പേര് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തന ക്ഷമമായി.
കര്‍ണ്ണാടക അതിര്‍ത്തിയില്‍നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആര് ടി ഒ, പോലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്പ് ഡെസ്ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടു. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു. നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേര് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെ എച്ച ഐ, ആര് ടി ഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്കു് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു .തയ്യാറാക്കിയിട്ടുളള ഹെല്പ് ഡെസ്ക്കുകളില് ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസറെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴിച്ച് ഹെല്പ് ഡെസ്ക്കുകളില് സജ്ജമാക്കി നിര്‍ത്തും. തലപ്പാടിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്പ് ഡെസ്ക്കുകളില് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട് , കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ് ആര് ടി സി ബസ്സ് ഏര്‍പ്പെടുത്തി.
20 ഹെല്പ് ഡെസ്ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ 100 ഹെല്പ് ഡെസ്ക്കുകളില് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെ നിയോഗിച്ചു.