ആപ്പ് റെഡി, മദ്യവിൽപ്പന വ്യാഴാഴ്ച തുടങ്ങും

ബെവ്‌കോ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിലുടെ നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും. ആപ്പ് ഉപയോക്താക്കളിലെത്തിക്കാൻ ഗൂഗിൾ അനുമതി ലഭിച്ചതോടെയാണിത്. വ്യാഴാച്ച മുതലാണ് മദ്യവിൽപ്പന. ആപ്പ് ഇന്നുച്ചയോടെ ഗൂഗിൾ സ്റ്റോറിൽ എത്തുമെന്നാണ് പ്രതീക്ഷ.
മദ്യവിൽപ്പന ആരംഭിക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തുന്നുണ്ട്.
ആപ്പിന്റെ ബീറ്റ വേർഷനാണ് ഗൂഗിൾ അനുമതി ലഭിച്ചിരിക്കുന്നത്. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തുന്നുണ്ട്. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും ഇതിനൊപ്പമുണ്ട്.
ഉപയോഗിക്കുന്ന ആളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഇടിക്കറ്റിൽ ഏത് മദ്യഷാപ്പിൽ എപ്പോൾ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കൾ എത്തിയാൽ മദ്യം വാങ്ങാം. ഇടിക്കറ്റിലെ ക്യൂ ആർ കോഡ് മദ്യശാലകളിൽ സ്‌കാൻ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം നൽകൂ.
തുടക്കത്തിൽ ബ്രാൻഡ് തിരഞ്ഞെടുക്കാൻ ആപ്പിൽ സൌകര്യമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇടിക്കറ്റുമായി വിൽപ്പന കേന്ദ്രത്തിലെത്തി അവിടെ പണമടച്ച് ബ്രാൻഡ് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. സ്മാർട്ട് ഫോൺ സൌകര്യമില്ലാത്തവർക്ക് സാധാരണ ഫോണിൽ നിന്നും എസ്എംഎസ് വഴി ബുക്ക് ചെയ്യാം. പേരും ഫോൺ നമ്ബരും സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നീ സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും സഹിതമാണ് ബുക്ക് ചെയ്യേണ്ടത്.
ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് മാർഗനിർദേശങ്ങൾ നൽകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു