ആത്മനിര്‍ഭര്‍ ഭാരത്: ചെറുകിട വ്യവസായങ്ങള്‍ക്ക് മുന്‍ഗണന, നാലുവര്‍ഷ കാലാവധിയില്‍ വായ്പ; ഒരു വര്‍ഷം മൊറട്ടോറിയം

ഐടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നവംബര്‍ 30 വരെ നീട്ടി

200 കോടിവരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെണ്ടര്‍ ഇല്ല

പിഎഫ് വിഹിതം മൂന്നുമാസംകൂടി സര്‍ക്കാര്‍ അടയ്ക്കും

ന്യൂഡെല്‍ഹി // ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചനേരിടാന്‍ 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. വ്യവസായങ്ങളെ മൈക്രോ, ചെറുകിടം, മീഡിയം എന്നീ മേഖലകളാക്കി തിരിച്ച് വായ്പാ സഹായം നല്‍കും. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാകും ഈ പാക്കേജ് എന്ന് ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. എം.എസ്എംഇ പദ്ധതികള്‍ക്ക് മൂന്ന്‌ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ നല്‍കും. ചെറുകിട ഇടത്തരം പദ്ധതികള്‍ക്കായി ആറ് തീരുമാനങ്ങളാണ് കേന്ദ്രം കൈകൊണ്ടത്. വായ്പാകാലാവധി നാലുവര്‍ഷവും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉണ്ടാകും. 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇത് ഗുണംകിട്ടുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോളമൂല്യവും വിപണിയും ഉറപ്പാക്കും. പണംലഭ്യത ഉറപ്പാക്കല്‍ ലക്ഷ്യത്തിന് 15 നടപടികളാണ് കൈകൊണ്ടത്.

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും. തകര്‍ച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി നീക്കിവച്ചിട്ടുണ്ട്. രണ്ടുലക്ഷം ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ഒക്ടോബര്‍ 31 വരെ വായ്പക്ക് അപേക്ഷിക്കാം. നിക്ഷേപ പരിധി പരിഷ്‌ക്കരിക്കും. നിര്‍മ്മാണ സേവന മേഖലകള്‍ ഏകീകരിക്കും. 200 കോടിവരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെണ്ടര്‍ ഇല്ല. ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌ക്കരിച്ചു പ്രവര്‍ത്തിക്കും. മൈക്രോ, ചെറുകിടം, മീഡിയം എന്നീ മൂന്നു മേഖലകളില്‍ വ്യവാസായങ്ങളെ മാറ്റി.

സമൂഹത്തിലെ ഏഴ് മേഖലകളെ കുറിച്ച് പഠിച്ച് ചര്‍ച്ചയ്ക്ക് ശേഷമാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് ഒരുക്കിയത്. സമൂഹത്തിന്റെ സമഗ്രവികസനത്തിനാണ് പാക്കേജ്. സ്വയംപര്യാപ്തം, സ്വയം ആര്‍ജിത ഭാരതമാണ് പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി നേരത്തെ നടപ്പാക്കിയ പദ്ധതികള്‍ വിജയമായിരുന്നു. പാവപ്പെട്ടവര്‍ക്ക് അക്കൗണ്ടില്‍ നേരിട്ട് പണം എത്തിച്ചു. കര്‍ഷകര്‍ക്ക് വിവിധയിനം പദ്ധതികള്‍ നടപ്പാക്കി. ഈ പാക്കേജ് സാമ്പത്തിക വളര്‍ച്ചകൂട്ടും. മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കും.
പിഎഫ് വിഹിതം മൂന്നുമാസംകൂടി സര്‍ക്കാര്‍ അടയ്ക്കും. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം പത്തുശതമാനമാക്കി കുറച്ചു. തീര്‍ത്ത ജോലിക്ക് ആനുപാതികമായി വായ്പ ലഭിക്കും. നിര്‍മ്മാണ സേവന മേഖലയില്‍ കരാറുകാരുടെ കാലാവധി നീട്ടി. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30,000 കോടിയുടെ പദ്ധതി. ഐടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നവംബര്‍ 30 വരെ നീട്ടി. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസം. ടിഡിഎസ് – ടിസിഎസ് നിരക്കുകള്‍ക്ക് 25% കുറവ്. മാര്‍ച്ചില്‍ കാലാവധികഴിഞ്ഞ പദ്ധതികള്‍ക്ക് രജിസ്ര്‌ടേഷന് ആറുമാസം വരെ സമയം. പദ്ധതി പൂര്‍ത്തീകരണത്തിനും സമയം നീട്ടിയിട്ടുണ്ട്. വാടക, ഫീസ്, പലിശ, കമ്മീഷന്‍, കരാര്‍ തുക തുടങ്ങിയവയില്‍ ടിഡിഎസ് ഇളവും പ്രഖ്യാപിച്ചതായി ധനമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു