Dr. V. G Pradeep kumar
കോവിഡ് -19ലോകത്താകമാനം ആരോഗ്യ ചികിത്സാകേന്ദ്രങ്ങളുടെ പ്രസക്തി, ലഭ്യത എന്നിവയും രോഗചികിത്സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കും ഒരിക്കല്‍കൂടി പ്രാധാന്യത്തോടെ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണല്ലോ? സാധരണയില്‍ നിന്നും വ്യത്യസ്തമായി ദിവസം മുഴുവനും വിവിധ രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും ആരോഗ്യ ചികിത്സാ സംവിധാനങ്ങളെപ്പറ്റിയും, അവയുടെ ന്യൂനതകള്‍ – മികവുകള്‍ എന്നിവയെപ്പറ്റിയും മാദ്ധ്യമങ്ങള്‍ ഇഴകീറി പരിശോധിക്കുന്നു. ആരോഗ്യത്തിനുവേണ്ടി ചിലവഴിക്കുന്ന തുക വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും, രാജ്യങ്ങളിലെ വിവിധ സംസ്ഥാനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്.
കേരളത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെട്ടു നില്‍ക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് നമ്മുടെ സ്വകാര്യചികിത്സാരംഗം കൂടിയാണ്. പൊതുജനാരോഗ്യരംഗം 45 ശതമാനത്തോളം രോഗികള്‍ക്ക് ഉപകാരപ്രദമാകുമ്പോള്‍ 55 ശതമാനം പേര് സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തുതലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കു സമാനമായ രീതിയില്‍ പ്രാഥമിക ചികിത്സ ചുരുങ്ങിയ ചെലവില്‍ നല്കുന്ന സ്വകാര്യ ക്ലിനിക്കുകള്‍, ചെറുകിട ആശുപത്രികള്‍ എന്നിവയും, താലൂക്ക് – ജില്ലാ ആശുപത്രികള്‍ക്കു സമാനമായി ദ്വിതല ചികിത്സ നല്കുന്ന ഇടത്തരം ആശുപത്രികളും കേരളമോഡല്‍ ആരോഗ്യവികസനത്തിന് കാരണഭൂതമായിട്ടുണ്ട്.

ഇത്തരം സ്വകാര്യ ക്ലിനിക്കുകള്‍, ചെറുകിട – ഇടത്തരം ആശുപത്രികള്‍ എന്നിവ രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍, ആരോഗ്യ ബോധവല്‍ക്കരണം, സൗജന്യ മെഡിക്കല്‍ക്യാമ്പുകള്‍ എന്നിവയിലൂടെ രോഗപ്രതിരോധരംഗത്തും ചികിത്സാരംഗത്തും ശക്തമായി പൊതുജനാരോഗ്യമേഖലയ്ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ – വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, പകര്‍ച്ചവ്യാധികള്‍ – എന്നിവയില്‍ സൗജന്യ സേവനങ്ങള്‍വരെ നല്കാന് ഈ ശ്രേണിയിലെ ചികിത്സാ സ്ഥാപനങ്ങള്‍ എല്ലാക്കാലത്തും തയ്യാറായിട്ടുണ്ട്. കോവിഡ് – 19 മൂലമുണ്ടായ ലോക്ക്ഡൗണ്‍ ഇവയുടെ പ്രവര്‍ത്തനം താറുമാറാക്കിയിട്ടുണ്ടെന്നു മാത്രമല്ല, പല സ്ഥാപനങ്ങളും തിരിച്ചു പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്ത നിലയിലേക്കാണ് പോകുന്നത്.
സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ട സാമ്പത്തിക സ്ഥിതി ഇല്ലെന്നുമാത്രമല്ല തീരാക്കടത്തിലേയ്ക്കുള്ള പാതയിലാണ് പല ആശുപത്രികളും. വൈദ്യുതിചാര്‍ജ്ജ്, മറ്റ് നികുതികള്‍ എന്നിവയിലെ ഗണ്യമായ ഒരിളവ് സര്‍ക്കാര്‍ ഈ ആശുപത്രികള്‍ക്ക് നല്‍കേണ്ടതാണ്. ഇത്തരം സ്ഥാനപങ്ങളിലെ വായ്പകള്‍ക്ക് ബാങ്കുകള്‍ ആറുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും, പലിശനിരക്ക് ഈ കാലയളവില്‍ ഈടാക്കാതിരിക്കുകയും ചെയ്യണം. ഒറ്റത്തവണയായി ഗ്രാന്റ് നല്കുവാന് കഴിയുമെങ്കില്‍ നല്‍കുകയും വേണം. നൂറ് ജീവനക്കാര്‍വരെയുള്ള ആശുപത്രികളുടെ പ്രോവിഡന്റ് ഫണ്ട്, ഈ.എസ്.ഐ. എന്നിവ കേന്ദ്രസര്‍ക്കാര്‍ 3 മാസത്തേയ്ക്ക് ഇളവ് അനുവദിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍ ഈ ആനുകൂല്യം 6 മാസത്തേയ്ക്ക് നീട്ടുകയും എല്ലാആശുപത്രികള്ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും വേണം. ജീവന്‍രക്ഷാ മരുന്നുകള്‍, പ്രമേഹം, രക്താതിമര്‍ദ്ദം, ഇന്‍സുലിന്‍ എന്നീ മരുന്നുകള്‍ക്ക് സബ്സിഡി അനുവദിച്ച് ഇത്തരം ആശുപത്രികള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അവരെ ചികിത്സിക്കുന്നതിനുവേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, മാസ്ക്കുകള്‍ എന്നിവ സൗജന്യമായോ ചുരുങ്ങിയ നിരക്കിലോ സ്വകാര്യ ആശുപത്രികള്‍ക്കും നല്കാന് കഴിയണം.
ഇതര തൊഴില്‍മേഖയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുപോലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കണം. തൊഴില്‍പരമായ അപകടങ്ങള്‍, ആശുപത്രിജന്യരോഗങ്ങള്മൂലമുള്ള രോഗാതുരത, മരണം എന്നീ സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ചികിത്സയും, രോഗമുക്തി നേടി പൂര്‍വ്വസ്ഥിതിയില്‍ ജോലി ചെയ്യുവാന്‍ കഴിയുന്നതുവരെ സാമ്പത്തികസഹായം നല്‍കുന്നതിനും ഈ ക്ഷേമനിധി സഹായകരമാകും.
പൊതുജനാരോഗ്യ – സ്വകാര്യ ചികിത്സാമേഖലകള്‍ പരസ്പരപൂരിതമായി പ്രവര്‍ത്തിച്ച് തല്‍ഫലമായി ഒരു ജനതയുടെ ആരോഗ്യത്തിന്റെ കാവലാളായി നില്ക്കുന്ന കാഴ്ച കേരളത്തിന്റെ പ്രത്യേകതയാണ്. ഇതുതന്നെയാണ് കേരള മോഡലിന്റെ സ്വത്വവും. ഇവിടെ ഈ കൈകോര്‍ക്കല്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിനായി പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പംതന്നെ സ്വകാര്യ ചികിത്സാമേഖലയ്ക്ക് കോട്ടംവരാതെയും തകരാതെയും സംരക്ഷിക്കേണ്ട കടമയും കേരളത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് കോവിഡ് – 19 അതിജീവനത്തിന്റെ പാതയില്‍ സ്വകാര്യചികിത്സാമേഖല മുന്‍ഗണനാ പട്ടികയില്‍ വരേണ്ടതും.
