ഹോട്ട് സ്‌പോട്ടിൽ മലബാറിൽ നാല് ജില്ലകൾ ; അതീവ ജാഗ്രത ആവശ്യം- മുഖ്യമന്ത്രി

കോഴിക്കോട്: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഹോട്ട്സ്പോട്ട് ജില്ലകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മലബാറിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും തൃശൂർ, എറണാകുളം, തിരുവനന്തപുരവും ഉൾപ്പെടും. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,65,934 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7622 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് പോസിറ്റീവായവരുള്‍പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 76. ഇതിനുപുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍നിന്ന് എത്തിയതാണ്. ഇതുവരെ നെഗറ്റീവ് ആയവര്‍ 28. രോഗം ഭേദമായവരില്‍ അതില്‍ നാല് വിദേശികളുണ്ടന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനം ജാഗ്രത പാലിക്കുന്ന സാഹചര്യത്തിൽ കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണമെന്നും, കൂടുതല്‍ ടെസ്റ്റിങ് സെന്‍ററുകള്‍ക്ക് അനുവാദം വേണ്ടതിന്‍റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്‍റെ വിശദാംശവും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചിട്ടുണ്ട്.

റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ ഹോങ്കോങ്ങില്‍നിന്ന് ദൈനംദിനം വിമാനമാര്‍ഗം കൊണ്ടുവരേണ്ടതുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു.

രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.

അത്തരക്കാര്‍ ദിശ നമ്പരിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി അവര്‍ ഇടപഴകാന്‍ പാടില്ല. സമൂഹവ്യാപനം തടയാന്‍ ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് ഇതന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുന്നുണ്ട്. ആശുപത്രികള്‍ക്കു പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകള്‍, ഹോസ്റ്റലുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവിടങ്ങളില്‍ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികള്‍ക്കു പുറമെ അടിയന്തര സാഹചര്യം വന്നാല്‍ ഒരുക്കാനാണ് ഇതല്ലാം.

കൊവിഡ് 19 വ്യാപിക്കാതിരിക്കാൻ ജനങ്ങൾ സമ്പർക്കം ഒഴിവാക്കുകയും ആരോഗ്യവകപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകയുമാണ് വേണ്ടതെന്നാണ് വിദഗ്ദർ പറയുന്നത്. മാത്രവുമല്ല, വ്യക്തി ശുചിത്വവും പാലിക്കപ്പെടേണ്ടതുണ്ട്. ലോക്ക് ഡൗണിൽ ശേഷിക്കുന്ന കാലയളവിൽ മുഴുവൻ ജനങ്ങളും നിർദ്ദേശങ്ങൾ പാലിച്ചാൽ രാജ്യം മഹാമാരിയെ പിടിച്ചു നിർത്തുമെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു