സ്പ്രിങ്കളർ ഡാറ്റാ വിവാദം: അഴിമതിയെന്ന് ചെന്നിത്തല; അഴിമതിയുടെ പ്രശ്നമില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിങ്കളർ ഡാറ്റാ വിവാദം തുടരുന്നതിനിടയിൽ പ്രതിപക്ഷത്തിന് മറുപടിയായി ബുധനാഴ്ച രാവിലെ സംസ്ഥാന സർക്കാർ കരാർ വിവരം പുറത്തു വിട്ടു. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉച്ചയോടെ സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. കരാറിന് നിയമ സാധുത ഇല്ലെന്നും ഇതിൽ അഴിമതി നടന്നെന്നും ആരോപിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ കോവിഡ് വിശദീകരണ സ്ഥിരം പത്രസമ്മേളനത്തിൽ സ്പ്രിങ്കളര്‍ വിവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

മുഖ്യമന്ത്രിയുടെ മറുപടി പൂർണ്ണരൂപം:

കോവിഡ്-19നെ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും അതിന്‍റെ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍ പെട്ടെന്ന് വിശകലനം ചെയ്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തെങ്കില്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകുകയുള്ളൂ.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ലോകത്ത് എവിടെയുണ്ടായിട്ടുള്ള പുരോഗതിയെയും കണ്ടെത്തലുകളെയും ഇതിനായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേയ്സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്ട്സ് അപ്പിലൂടെയും ഇ-മെയിലൂടെയും ഫോണ്‍കോളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് വിവര വിശകലനത്തില്‍ ഇത്തരത്തില്‍ മികച്ച സംവിധാനം നിലവിലുള്ള സ്ഥാപനമാണ് സ്പ്രിങ്കളര്‍ കമ്പനി. ഈ കമ്പനിയാവട്ടെ മലയാളിയായ രാഗി തോമസ് നടത്തുന്നതുമാണ്. രോഗബാധാ സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനും ഫലപ്രദമായ ഇടപെടലിനും വിവര ക്രോഡീകരണത്തിനും ഇവരുടെ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

വിവര വിശകലനത്തിനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇതു അനാവശ്യമായ ചര്‍ച്ചയാണെന്നും ഒരു വിധത്തിലുമുള്ള ക്രമക്കേടോ വിവര ചോര്‍ച്ചയോ ഉണ്ടാകാതിരിക്കാനുള്ള പൂര്‍ണ്ണ ശ്രദ്ധ ഈ സര്‍ക്കാരിനുണ്ടെന്നും അറിയിച്ചതാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞതുപോലെ വിവരങ്ങള്‍ പൂര്‍ണ്ണമായും പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാനും ഐടി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ചെയ്തു കഴിഞ്ഞു.

ജനങ്ങളുടെ മനസ്സില്‍ നിലവിലുണ്ടാക്കിയിട്ടുള്ള സംശയങ്ങള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനും വിവര ശേഖരണത്തിനും, സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ് വെയറുകളും ഈ സൗകര്യത്തിനകത്ത് സിഡിറ്റിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്പ്രിങ്കളര്‍ സൗജന്യമായി നല്‍കുന്ന  SaaS അപ്ലിക്കേഷനും ഈ രീതിയിലാണ് വിന്യസിക്കപ്പെടുക. ഈ സംവിധാനത്തില്‍ വ്യക്തിഗത വിവരങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണവും വിശകലനവും സിഡിറ്റിനായിരിക്കും എന്നതിനാല്‍  SaaS സര്‍വ്വീസ് പ്രൊവൈഡറുടെ ഭാഗത്തുനിന്നുള്ള വിവര ചോര്‍ച്ചയ്ക്കുള്ള വിദൂര സാധ്യത പോലും പൂര്‍ണ്ണമായും ഇല്ലാതാകും.

നിലവിലുള്ള ഓര്‍ഡറില്‍ തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

  1. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും വിവര ശേഖരം.
  2. രാജ്യത്തിനകത്തുള്ള സെര്‍വ്വറുകളില്‍ തന്നെ ഡാറ്റ സൂക്ഷിക്കും.
  3. ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തുകയില്ല.

വിവരം നല്‍കുന്ന വ്യക്തികള്‍ക്കും അവര്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അവരെ അറിയിക്കുകയും ചെയ്യും.

മനുഷ്യസമൂഹം നേരിടുന്ന ഒരു വലിയ വിപത്തിനെ പ്രതിരോധിക്കുന്നതിന് ലോകത്തെ ജനതയുടെ എല്ലാ അറിവുകളെയും ഉപയോഗപ്പെടുത്തേണ്ട ഘട്ടമാണ് ഇത്. അതിനുതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും ഇതുമായി ബന്ധപ്പെട്ട മരുന്നുകളോ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവയും ഈ മഹാമാരിയെ ഇല്ലാതാക്കി സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ലോകമാകെ യോജിച്ച് നിന്നുകൊണ്ട് പൊരുതുന്ന ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ഗുണപരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ഒളിച്ചുകളിയും ഇല്ല. സാങ്കേതികമായ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്തു നിര്‍ദ്ദേശമുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് താനും.

അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നേരത്തേയുള്ള നടപടിക്രമങ്ങള്‍ അതേപോലെ നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നത് പെട്ടെന്ന് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കാനേ ഉതകൂ. അത് ജനങ്ങളുടെ ജീവന് പ്രതിസന്ധി സൃഷ്ടിക്കാനേ ഇടയാക്കൂ.

റേഷന്‍കാര്‍ഡ് വിവരം
ചോര്‍ന്നുവെന്ന ആരോപണം

റേഷന്‍കാര്‍ഡ് സംബന്ധമായ ഒരു വിവരവും സര്‍ക്കാരിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ല. ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവരില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത ആള്‍ക്കാര്‍ക്ക് ഒരു ധനസഹായം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി ബിപിഎല്‍ റേഷന്‍കാര്‍ഡ് വിവരശേഖരവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരശേഖരവും താരതമ്യം ചെയ്ത് അര്‍ഹരായവരെ കണ്ടെത്താന്‍ ധനവകുപ്പ് ഐടി വകുപ്പിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ  IIITMK യെ ചുമതലപ്പെടുത്തിയിരുന്നു. ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്  IIITMK തന്നെയാണ്. പുറത്തുനിന്നുള്ള ഒരു കമ്പനിയുടെ സഹായവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. ഒരു ഡാറ്റാ കൈമാറ്റവും ഇക്കാര്യത്തില്‍ നടന്നിട്ടുമില്ല.

ഡാറ്റാ തട്ടിപ്പ് കേസില്‍
പ്രതിയായ കമ്പനി
എന്ന ആരോപണം:

സാധാരണഗതിയില്‍ തന്നെ പ്രമുഖ കമ്പനികള്‍ക്ക് എതിരെ കേസുകളും നിയമ നടപടികളും ഉണ്ടാകാറുണ്ട്. എല്ലാ പ്രമുഖ കമ്പനികളിലും അതുകൊണ്ട് തന്നെ ശക്തമായ നിയമ വിഭാഗവും ഉണ്ട്. ഈ കമ്പനിയുടെ നിയമ വിഭാഗം ഒരു കേസ് രണ്ടു വര്‍ഷം മുമ്പ് ഫയല്‍ ചെയ്തത് നടന്നുവരികയാണ് എന്നും നിയമ പ്രക്രിയ നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ല എന്നും അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ എല്ലാ പ്രമുഖ സ്ഥാപനങ്ങളും പല രീതിയിലുമുള്ള കേസുകള്‍ നേരിടുന്നുണ്ട്.

സൗജന്യസേവനമല്ല
എന്ന ആരോപണം
:

സെപ്തംബര്‍ 24-നാണ് നിലവിലുള്ള കരാര്‍ കഴിയുന്നത്. ആ കാലാവധി വരെ സൗജന്യ സേവനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം തുടരണമെങ്കില്‍ ഫീസ് കമ്പനി അറിയിക്കും. അതോടൊപ്പം സെപ്തംബര്‍ 24 വരെ നല്‍കേണ്ടിവരുമായിരുന്ന ഫീസും അറിയിക്കും. ഇത് അറിവിലേക്കായി മാത്രമാണ്. തുക നല്‍കേണ്ടതില്ല. കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം അതിനുശേഷമുള്ള തുക നല്‍കേണ്ടതുണ്ട്. അപ്പോള്‍ ആവശ്യപ്പെടുന്ന തുകയില്‍ മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള തുക ഉള്‍പ്പെടുന്നില്ല എന്നുറപ്പാക്കാനാണ് ഈ ക്രമീകരണം. ഇത് ഒരു സാധാരഗതിയിലുള്ള നടപടിക്രമമാണ്.

സ്പ്രിങ്കളര്‍ ഇടപാട് കോവിഡിന്‍റെ മറവില്‍ അഴിമതി എന്നാരോപണം സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു ബാധ്യതയും സര്‍ക്കാരിനില്ലാത്തതിനാല്‍ ഇവിടെ അഴിമതിയുടെ പ്രശ്നം ഉടലെടുക്കുന്നില്ല.

കരാറിന് ലീഗല്‍ സാന്‍റിറ്റിയില്ല എന്നാരോപണം:

നിയമസാധുതയുള്ള കരാറാണ്. അന്താരാഷ്ട്ര കരാറായിട്ടും നിയമവകുപ്പ് അറിഞ്ഞിട്ടില്ല എന്നാരോപണം സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തതിനാല്‍ സാധാരണ നിലയില്‍ നിയമവകുപ്പ് കാണേണ്ടതില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു