സുരക്ഷ മറന്നു പോയ നിമിഷം …

ഡോ. അപർണ സോമൻ

മയം ഇരുട്ടിയിട്ടുണ്ട്. തിരക്കുകൾക്ക് അൽപ്പം ശമനം… ആംബുലൻസിൻ്റെ ഭീതി മുഴക്കത്തിനും കുറവുണ്ട്. ആശുപത്രിയിലെ കസേരയിൽ ഒന്ന് ചാരി ഇരുന്നു …ഫോണിൽ നിറഞ്ഞ കോവിഡ് വാർത്തകളും ട്രോളുകളും.. കൊറോണ പിടിപ്പെട്ട രാജ്യങ്ങളുടെ നേർ ചിത്രങ്ങൾ…..സഞ്ചാരത്തിനിടയിൽ ഞാൻ കണ്ട രാജ്യങ്ങളിലെ ഇന്നത്തെ കൊറോണക്കാല അവസ്ഥ എൻ്റെ ഈ നേരത്തെയും സജീവമാക്കുന്നു ..
ചിത്രങ്ങളും സന്ദേശങ്ങളും ഓരോന്നായി ഡിലീറ്റ് ചെയ്യുമ്പോഴാണ് മാസ്ക് ഇല്ലാതെ ഒരാൾ കാഷ്വാലിറ്റിയിലേക്ക് വന്നത്. ലജ്ജയാണോ ദേഷ്യമാണോ തോന്നിയത് എന്നെനിക്കറിയില്ല. “വിവേകമില്ലാതെ തന്നെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു ചില മനുഷ്യർ “…. എന്ന് സ്വയം മനസിൽ പറഞ്ഞു.
അയാളെ ആവും വിധം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

ഒരു മീറ്റർ അകലം പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം, കഴിഞ്ഞ കുറെ ദിവസങ്ങളായി കൊവിഡ് എന്ന ‘ഭീകരൻ’ അത്രയധികം ഭീതി പരത്തിയിരുന്നു. ചെന്നൈയിലെ ഡോ.സൈമൺ ഹെർക്കുലീസിന്റെ മരണവും തുടർന്നുള്ള പുറം ലോകത്തിൻ്റെ ക്രൂരമായ ആക്രമണവും നിന്ദയും മറ്റു ആരോഗ്യ പ്രവർത്തകരുടെ അസുഖത്തെക്കുറിച്ചുള്ള വാർത്തകളും കാണുമ്പോൾ ഭീതിയായിരുന്നു.

24 മണിക്കൂർ ഡ്യൂട്ടിക്കിടയിൽ മാസ്ക് പലപ്പോഴും ശ്വാസം മുട്ടിക്കാറുണ്ട്. ഓരോ തവണ സാനിറ്റൈയ്‌സർ കൊണ്ടു കൈ വൃത്തിയാക്കുമ്പോഴും കൈ വരണ്ടു പോകുന്നതു പോലെയോ ചുളിവുകൾ വീഴുന്നതു പോലെയോ തോന്നും. എന്നാൽ, അതിലും വലിയ ഒരു കാര്യമാണല്ലോ മുൻപിലുള്ളതെന്നോർക്കുമ്പോൾ ബുദ്ധിമുട്ടുകൾ എല്ലാം അവഗണിക്കും. താൻ കാരണം മറ്റൊരാൾക്കും രോഗം വരരുത് എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു.

ആശുപത്രിയിലേക്ക് കയറി വന്ന ആ രോഗിയെ കൊണ്ട് നിർബന്ധിപ്പിച്ച് മാസ്ക് ധരിപ്പിച്ച ശേഷം അസുഖ വിവരം തിരക്കി റെസ്റ്റടുക്കാൻ പറഞ്ഞു. ഇതിനിടയിലാണ് കുട്ടികളുടെ ഐസിയുവിൽ നിന്നു സിസ്റ്റർ വിളിക്കുന്നത്‌. “മാഡം ഇവിടെ ഒരു കുട്ടിയുടെ കണ്ടിഷൻ മോശമാണ് , പൾസും ബിപിയും ഒന്നും കിട്ടുന്നില്ല ” അപ്പോൾ തന്നെ ഐ സി യു വിലേക്കു ഓടി. അവിടെയെത്തിയപ്പോൾ കണ്ടാൽ ഏകദേശം ഒരു മാസം മാത്രം പ്രായം തോന്നിക്കുന്ന( നാല് മാസം കഴിഞ്ഞിരുന്നു) ഒരു പെൺകുഞ്ഞ് ഇടതു വശത്തേക്ക് തല ചെരിച്ചു വെച്ച് കിടക്കുന്നു .. നീല നിറമായി അനക്കമില്ല… ഹൃദയമിടിപ്പ് ഉണ്ടെന്ന് മനസിലായി… സകല ദൈവങ്ങളെയും വിളിച്ചു ഞങ്ങൾ സിപിആർ കൊടുത്തു ബാഗ് ആൻഡ് മാസ്ക് വെന്റിലേഷനും…

കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ സ്വന്തം കൊവിഡ് സുരക്ഷ ഉറപ്പ് വരുത്താനോ കുട്ടിയുടെ ഹിസ്റ്ററി എന്തായിരുന്നു എന്ന് നോക്കാനോ ഓർത്തില്ല. പിടയുന്ന ഒരു കുഞ്ഞു ജീവൻ മാത്രമായിരുന്നു മുന്നിലുള്ളത്.. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ കുട്ടി ശ്വാസം വലിച്ചു തുടങ്ങി. കുട്ടിക്ക് ശ്വാസം വീണപ്പോഴേക്കും ഞങ്ങൾ ശെരിക്കും വിയർത്തിരുന്നു.
ആശ്വാസം തോന്നി ..എന്നാലും ഇനിയും ചിലപ്പോ നില ഗുരുതരമോ എന്ന ചിന്ത തോന്നിയപ്പോൾ അവിടെ ഉണ്ടായിരുന്ന സീനിയർ ഡോക്ടർ ആയ ജോയ് സാറിനെ വിളിച്ചു . ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ, എല്ലാവർക്കും എപ്പോഴും എന്ത് അസുഖത്തിനും ശങ്കയില്ലാതെ വിളിക്കാൻ പറ്റുന്ന ഒരാൾ. രാവിലെ മുതൽ രാത്രി വരെ ഉള്ള ജോലി കഴിഞ്ഞും ഒരു എമർജൻസി വന്നാൽ ഏതു പാതിരാത്രിയും ഓടിവന്നു വേണ്ടത് ചെയുന്ന ഒരു ഡെഡിക്കേറ്റഡ് ഡോക്ടർ. അതുകൊണ്ട് തന്നെ ഈ സമയത്തും ഞാൻ സാറിനെ ആണ് വിളിച്ചത്. എന്നത്തേയും പോലെ അപ്പോൾ തന്നെ അദ്ദേഹം ഓടിവന്നു കുട്ടിയെ പരിശോധിച്ച് വേണ്ട ഇഞ്ചക്ഷൻസ് എല്ലാം നൽകി എന്നിട്ട് കുട്ടിയുടെ ഹിസ്റ്ററി പരിശോധിച്ചു.
അപ്പോഴാണ് അറിയുന്നത് ജന്മനാ തന്നെ ഒരുപാട് അസുഖങ്ങളുള്ള കുട്ടിയാണതെന്ന്‌. ഹൃദയത്തിനും, ശ്വാസകോശത്തിനും, തലച്ചോറിനും അങ്ങനെ അങ്ങനെ. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും റെഫർ ചെയ്‌ത്‌ വന്ന കുട്ടി ആണെന്നും ഇപ്പോഴുള്ള കുഴപ്പം പനിയും, ശ്വാസം മുട്ടലും, അപസ്മാരവും ആണെന്നും അറിഞ്ഞു . പ്രതിരോധശേഷി അല്പം പോലും ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ ഇങ്ങനെയുള്ള അസുഖങ്ങൾ ഒക്കെ പെട്ടെന്ന് ഉണ്ടാകാവുന്നതാണ്. അത്രെയേ അപ്പോഴും കരുതിയുള്ളൂ. ആ കുട്ടിയെ നോക്കിയിരുന്ന ശിശുരോഗവിദഗ്ധനും അവിടെയെത്തി പരിശോധന നടത്തി കുട്ടിയുടെ മാതാപിതാക്കളോട് കാര്യങ്ങൾ വിശദീകരിച്ചു.

ഞാൻ തിരിച്ച് സമാധാനത്തോടെ കാഷ്വാലിറ്റിയിൽ ചെന്ന് പരിശോധന തുടർന്നു. ആശുപത്രിയിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണയാണ്. ….അതുകൊണ്ട് പിന്നീട് അതിനെ കുറിച്ച് ഓർത്തില്ല. വീണ്ടും സീറ്റിലിരുന്ന് അൽപ്പം ശ്വാസം ആയാസമാക്കാൻ മാസ്ക്ക് താഴ്ത്തിവച്ചു. പരിശോധന റിക്കാർഡുകൾ നോക്കി നേരം പോകുന്നതറിഞ്ഞില്ല. രാത്രി ഏകദേശം രണ്ടരയോട് അടുത്തപ്പോഴാണ് ഐസിയുവിൽ നിന്ന് വീണ്ടും ഫോൺ..

ഓടിച്ചെന്നപ്പോൾ കുട്ടിയുടെ നില ഗുരുതരം ആയിരുന്നു. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ നിലയിൽ. കൂടുതൽ ചികിത്സയ്ക്കായി മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥ. ഉടനെ തന്നെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഫോൺ ചെയ്തു. എന്നാൽ, ആ ഹോസ്പിറ്റലിലും കുട്ടിയെ പരിശോധിക്കാനാവാശ്യമായ സംവിധാനം ഉണ്ടായിരുന്നില്ല. ഉടൻ തന്നെ കുട്ടികളുടെ മാതാപിതാക്കളോട് എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. രാവിലെ ആയിട്ട് പോരെ എന്ന് അവർ ചോദിച്ചു, പക്ഷെ ആ ജീവൻ രാവിലെ വരെ നിലനിൽക്കുമോ എന്ന് ഉറപ്പില്ലാത്തതു കൊണ്ടു ഉടൻ തന്നെ ആംബുലൻസ് അറെയ്ഞ്ച് ചെയ്‌ത്‌ ഒരു സ്റ്റാഫിനെയും കൂടെ വിട്ടു. അന്ന് പുലരും വരെ ആ കുഞ്ഞിൻ്റെ നിഷ്കളങ്കമായ മുഖം… എന്തന്നറിയാത്ത ഭാവം…. എൻ്റെ ഉള്ളിൽ ആശങ്കക്ക് വ്യാപ്തി കൂട്ടി..

അടുത്ത ദിവസം കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ കുട്ടി സേഫ് ആണെന്നും പനിയായതിനാൽ ഐസൊലേഷൻ വാർഡിലാണെന്നും അറിയിച്ചു. ഈ കോറോണകാലത്തു പനിയുള്ള എല്ലാ രോഗികളെയും ഐസൊലേറ്റ് ചെയ്യാൻ സാധ്യത ഉള്ളതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
എന്നാൽ തൊട്ടടുത്ത ദിവസം കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. കുട്ടിക്ക് കൊവിഡ് 19…. കൊറോണ സ്ഥിരീകരിച്ചു. ആ സമയത്താണ് ഞാൻ പുറകിലേക്കൊന്ന് ചിന്തിച്ചു പോയത്…? കുട്ടിയെ പരിശോധിച്ചതും, സീനിയർ ഡോക്ടറെ വിളിച്ചതും, ആംബുലൻസിൽ കയറ്റിവിട്ടതും.. അങ്ങനെ അങ്ങനെ.. ജീവൻ്റ അവസാന ശ്വാസം തേടാൻ ഒരു മനുഷ്യ ഹൃദയം പിടയുമ്പോൾ സ്വയം സുരക്ഷ…?.. ഇനി വരാനിരിക്കുന്ന വിഷമങ്ങൾ…. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പ് വരുത്താൻ ഒട്ടുമിക്ക ഡോക്ടർമാരും മറന്നു പോകും.. അത് എനിക്കും സംഭവിച്ചു എന്ന് ആശ്വസിച്ചു.
മരിച്ചുകൊണ്ടിരിക്കുന്ന രോഗി മാത്രമാകും ഒരു ഡോക്ടറുടെ കണ്മുന്നിൽ..പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഞാൻ ഉൾപ്പെടെ കുട്ടിയെ പരിശോധിച്ച ഡോക്ടർമാരും മറ്റു സ്റ്റാഫുകളുമെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ പരിശോധനയ്കക്ക് സ്വയം നിർബന്ധിതരായി. തുടർന്ന് 28 ദിവസം ഏകതാ നിരീക്ഷണത്തിന് സുരക്ഷാകേന്ദ്രത്തിലായി. ഇവിടെ രാവും പകലും സമയത്തെ പിന്നിലാക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിഷ്കളങ്കതയുടെ മുഖം മനസിൽ മിന്നി മാഞ്ഞു.

എന്നാൽ ദിവസങ്ങൾ രണ്ട് കഴിഞ്ഞു .. ലോകോത്തര ചികിത്സയേയും കൊവിഡ് മറികടന്നു … രാവിലെ ആറു മണിയോടെ ആ പിഞ്ചുഹൃദയം നിലച്ചു. ഒമ്പത് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ രേഖപ്പെടുത്തിയ കുട്ടിയുടെ മരണവാർത്ത കൂടി അറിഞ്ഞപ്പോൾ മനസിൽ വീണ്ടും അനിശ്ചിതത്വം. നിർബന്ധമായും ഞാനും സഹപ്രവർത്തകരും സുരക്ഷാ മതിൽ കെട്ടിൽ നിൽക്കേണ്ടത് അനിവാര്യമാണെന്ന കരുതൽ. കൊവിഡിൻ്റെ ഭീകരത തിരിച്ചറിയാത്തവർ ഇപ്പോഴും ഉണ്ട്.

അസുഖം വന്നാൽ തീർച്ചയായും ഡോക്ടറെ കാണിക്കണം. എന്നാൽ, വീട്ടിലെ ഇരിപ്പു മടുത്ത് ഡോക്ടറെ കാണിക്കാനെന്ന വ്യാജേന, പോലീസുകാരുടെ കണ്ണിൽ പൊടിയിട്ട് ‘മുഖക്കുരു’, ‘മുടികൊഴിച്ചിൽ’, ‘ക്ഷീണമുണ്ടോ എന്ന് സംശയം’ എന്നൊക്കെ പറഞ്ഞു ആശുപത്രിയിൽ എത്തുന്നവരുണ്ട്. നിങ്ങൾ നിങ്ങളെത്തന്നെ പറ്റിക്കരുത് …

എത്രയെത്ര മുൻകരുതലുകൾ എടുത്താലും ഏതെങ്കിലും ഒരു സന്ദർഭത്തിൽ അതെല്ലാം താളം തെറ്റാം. മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഓടുന്നതിനിടയിൽ ചിലപ്പോൾ സ്വന്തം ജീവൻ തന്നെ അപകടത്തിലായേക്കാം. പക്ഷേ, അതറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നത്. രോഗാതുരമല്ലാത്ത ഒരു സമൂഹമാണ് ഞാനടക്കം ഓരോ ആരോഗ്യ പ്രവർത്തകന്റെയും ലക്ഷ്യം. അതിന് ഞങ്ങൾക്ക് കൈത്താങ്ങാവേണ്ടത് നിങ്ങളാണ്. ഈ സന്ദർഭത്തിൽ അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഇരുന്നാൽ നമുക്ക് കുഞ്ഞുങ്ങളേയും കാലം കണ്ടവരേയും സുരക്ഷിതരാക്കാം. ഒപ്പം ഒരു പുതിയ നാളെയെ സൃഷ്ടിക്കാം.

പിഞ്ചു കുഞ്ഞിൻ്റെ മരണം കൊവിഡ് എന്ന മഹാമാരി മലയാളക്കരക്ക് വേദന നൽകി…ഒപ്പം, കൊവിഡ് കാലത്ത് കുഞ്ഞുങ്ങളേയും നമുക്ക് മുമ്പേ നടന്ന വരെയും നാം സുരക്ഷാ മതിലിനുള്ളിൽ നിർത്തണമെന്ന സന്ദേശവും. കുഞ്ഞിന് കൊവിഡ് ബാധ എവിടുന്ന് ഉണ്ടായതിനെ കുറിച്ച് അന്വേഷണം ഒരു വഴിക്ക് നടക്കുന്നു ..

വീട്ടിൽ ജാഗ്രതയോടു കൂടി ഇരിക്കുക, അത്യാവശ്യത്തിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഒരു മീറ്റർ അകലം പാലിക്കുക, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ നന്നായി കഴുകുക. കൊറോണ ബാധിച്ച രോഗിയുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം ഉണ്ടായെന്നു തോന്നുകയാണെങ്കിൽ എത്രയും പെട്ടന്ന് ഹെൽത്ത്‌ ഡിപ്പാർട്മെന്റിനെ അറിയിക്കുക. വൈകിയിട്ടില്ല… നമ്മൾ ഒറ്റക്കെട്ടായിനിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപിക്കാം. നല്ലൊരു സമൂഹത്തെ, നല്ലൊരു നാളെയെ സൃഷ്ടിച്ചെടുക്കാം. കൈത്താങ്ങായി ഞങ്ങളും ഒപ്പമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു