സുരക്ഷാകേന്ദ്രങ്ങളൊരുക്കാതെ പ്രവാസികളെ നാട്ടിലെത്തിക്കില്ല: കേന്ദ്ര മന്ത്രി വി.മുരളീധരന്‍

കോഴിക്കോട് : പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ച ഇടപെടലുകളാണ് നടത്തുന്നതെന്നും, സംസ്ഥാനങ്ങള്‍ വേണ്ടത്ര സുരക്ഷ ഒരുക്കാതെ പ്രവാസികളെ നാട്ടിലെയ്ക്ക് എത്തിക്കുകയില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണ രൂപം…

”കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനല്‍ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നില്‍ വന്ന പ്രവാസ ലോകത്തെ ആശങ്കകളില്‍ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവര്‍ക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തു ചാടി നടപടികള്‍ എടുക്കാത്തത്.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറല്ല. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിര്‍ദ്ദേശം.
ലോക്ഡൗണ്‍ കാലയളവില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികള്‍ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികള്‍ എന്നെ അറിയിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം ഇപ്പോള്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന നമ്മുടെ പൗരന്മാര്‍ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടല്‍ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും.

ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങള്‍ ഞാന്‍ സാന്ദര്‍ഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തില്‍, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ… പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരുണ്ടാകും എന്നു കൂടി ഓര്‍ത്താല്‍ നന്ന്…

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു