ശോഭനയുടെ ‘വീട്ടുനൃത്തം’ കൊവിഡ് കാലത്തെ വൈറല്‍

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ശോഭന തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട. കൊറോണ ബോധവല്‍ക്കരണവുമായെല്ലാം അടുത്തിടെ ശോഭന സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ശോഭനയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ ശ്രദ്ധേയമായി മാറി.
ലോക് ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ശോഭനയും സംഘവും. കലാര്‍പ്പണ എന്ന നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ശോഭനയ്‌ക്കൊപ്പമുളളത്. വീട്ടിലെ ജോലികളെല്ലാം നൃത്തത്തിലൂടെ ചെയ്തു കാണിക്കുകയാണ് ഇവര്‍. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതും, ചെടികള്‍ക്ക് വെളളമൊഴിക്കുന്നതും, അടുക്കളയില്‍ ജോലി ചെയ്യുന്നതുമൊക്കെ ചുവടുവെച്ചുകൊണ്ട് സ്വന്തം വീടുകളിലിരുന്ന് ഓരോരുത്തരും നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശോഭന ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോക് ഡൗണ്‍ സമയത്തും താനും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളിലാണെങ്കിലും പരിശീലനം മുടക്കുന്നില്ലെന്നും കലയിലൂടെ തങ്ങള്‍ അടുപ്പം നിലനിര്‍ത്തുന്നുവെന്നും കാണിക്കുകയാണ് ശോഭന. മുന്‍പും സോഷ്യല്‍ മീഡിയയില്‍ തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ച താരമാണ് ശോഭന. അഭിനേതാവിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് പല അവസരങ്ങളിലും ശോഭന തെളിയിച്ചിട്ടുണ്ട്. സിനിമകളില്‍ അത്ര സജീവമല്ലാതിരുന്ന സമയത്തും നൃത്തവുമായി വേദികളില്‍ എത്താറുണ്ടായിരുന്നു ശോഭന. ശോഭനയുടെ ഡാന്‍സ് വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയ്ക്ക് ശേഷമാണ് ശോഭന വീണ്ടും മലയാളത്തിലേക്ക് എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനായിരുന്നു വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ശോഭനയും കാഴ്ചവെച്ചത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനായിരുന്നു ശോഭനയുടെ മകളുടെ വേഷത്തില്‍ അഭിനയിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നീനയെന്ന എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു