ശമ്പളം നിയന്ത്രിക്കേണ്ടിവരുമെന്ന് ധനമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളം നല്‍കുന്നത് നിയന്ത്രിക്കേണ്ടിവരുമെന്ന് സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഇക്കാര്യം ആലോചിക്കേണ്ടിവരും. സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ല. സന്മനസുള്ളവര്‍ മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല മാറ്റിവച്ചിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകുമെന്നുമാണ് തോമസ് ഐസക് സൂചിപ്പിച്ചത്.
ഇന്നലെയാണ് സാലറി ചലഞ്ചുമായി മുന്നോട്ടു പോകാന്‍ മന്ത്രി സഭ തീരുമാനിച്ചത്.എല്ലാ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഗ്രോസ് സാലറിയില്‍ കുറയാത്ത തുക ഒരുമിച്ചോ തവണകളായോ നല്‍കണം. അതില്‍ കുറഞ്ഞത് സ്വീകരിക്കില്ല. പെന്‍ഷന്‍കാരില്‍ നിന്നും സംഭാവന സ്വീകരിക്കും. സാലറി ചലഞ്ചില്‍ സ്വമേധയാ പങ്കെടുക്കാത്തവരുടെ ശമ്പളം തവണകളായി വെട്ടിക്കുറയ്ക്കുക്കുന്നതിനെക്കുറിച്ച് ഈ മാസം അവസാനം തീരുമാനിക്കാമെന്നും ജീവനക്കാരുടെ സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനുംമന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവര്‍ക്കാണ് ആദ്യപരിഗണന. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.
ഇപ്പോള്‍ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാര്‍ത്ത സാലറി ചലഞ്ച് നിര്‍ബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യന്‍ എക്‌സ്പ്രസില്‍ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി.
മാര്‍ച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു