വീണ്ടും പറയുന്നു,.. സമൂഹവ്യാപന ആശങ്കയുണ്ട് സുരക്ഷ മുന്നിൽ; പിന്നിൽ നടത്തം

സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക ഉയർത്തി കൊവിഡ് പോസിറ്റീവ്. എവിടെ നിന്ന് കൊവിഡ് വൈറസ് പകർന്നുവെന്ന് വ്യക്തതയില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കണ്ടെത്തുന്നതിലാണ് ആശങ്ക. കേരളത്തിൽ ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാൻ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ 25ലേറെപ്പേർക്ക് സംസ്ഥാനത്ത് രോഗം പകർന്നത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.

ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി വിവിധ മേഖലകളിൽ നിന്നും ആരോഗ്യ പ്രവർത്തകർ സ്രവം ശേഖരിച്ചിരുന്നു. രോഗ സാധ്യതയുള്ളവർ, നിരീക്ഷണത്തിലുള്ളവർ എന്നിവരുടേതാണ് പരിശോധനക്ക് അയച്ചത്. ഇതിൻ്റെ പരിശോധന ഫലം വന്നാൽ രോഗ വ്യാപനം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയും.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരത്തു നിന്നെത്തിയ ആർ.സി.സിയിലേയും എസ്.കെ ആശുപത്രിയിലേയും നഴ്സുമാർ, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാർത്ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർത്ഥികൾ, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.സംസ്ഥാനത്ത് മരിച്ച രോഗികളിൽ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി , പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുൾപെടെ 25 ലേറെപേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ച് ആളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കോവിഡ് നിർണയിച്ചതും അതീവ ഗൗരവത്തോടെ കാണേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

ആരോഗ്യ പ്രവർത്തകരിലുൾപ്പെടെ കൊവിഡ് പരിശേധന വ്യാപകമാക്കുകയും വ്യക്തികൾ സ്വയം സുരക്ഷ ഉറപ്പാക്കുകയും മാത്രമാണ് കേരളത്തിന് മുമ്പിൽ ഇനിയുള്ള ഒരേയൊരു മാർഗമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു