
news@tvm
കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നവരോടൊപ്പം വിദേശത്ത് കുടുംബമായി സ്ഥിരതാമസമാക്കിയവരും തിരച്ചുവരാമെന്ന് കരുതുന്നുണ്ടങ്കിൽ ആലോചിച്ച് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരാണെങ്കില്‍ മടങ്ങി വരുന്നവവരോടൊപ്പം തിരിച്ചുവരുന്നതിന് മുന്‍ഗണന ലഭിക്കില്ല. ഗര്‍ഭിണികള്‍, രോഗികള്‍, ഫ്രീവിസയില്‍ സന്ദര്‍ശനത്തിന് പോയി തിരിച്ചു വരാൻ കഴിയാത്തവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവിടെ വീട് എടുത്ത് താമസിക്കുന്നവര്‍ നാട്ടിലെ ബന്ധുക്കളെ കാണാനായി വരുന്നതൊക്കെ പിന്നീട് ഒരു ഘട്ടത്തില്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നുവരെ 3,53,468 പേര് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്- 1,53,660 പേര്. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര് രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.
യുകെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് ഇന്ത്യാ ഗവണ്മെന്റിനും അതത് രാജ്യത്തെ എംബസിക്കും നല്‍കും. കൃത്യമായ പ്ലാന്‍ തയ്യാറാക്കാനും മുന്‍ഗണന പ്രകാരം ആളുകളെ കൊണ്ടുവരാനും ഇത് സഹായിക്കും.
ഇതര സംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന് സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താല്ക്കാലികമായ ആവശ്യത്തിനു പോയി അവിടെ കുടുങ്ങിപോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഏറ്റവും മുന്‍ഗണന.