വാഹനത്തിൽ കറങ്ങിയാൽ കുടുങ്ങും ; എവിടെ പോയെന്ന് ഉടനെ കണ്ടെത്താൻ ആപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ പിടികൂടാൻ പുത്തൻ മൊബൈൽ ആപ്ലിക്കേഷനുമായി പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസാണ് പുതിയ ആപ്ലിക്കേഷൻ നടപ്പാക്കിയത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ എത്ര തവണ, ഏതൊക്കെ ആവശ്യങ്ങൾക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന് വാഹന നമ്പർ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് പുതിയ തന്ത്രം. ആപ്ലിക്കേഷൻ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന. ലോക്ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്പർ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും. തർക്കമൊന്നും കൂടാതെ കടത്തി വിടും.
അനാവശ്യ യാത്രക്കിറങ്ങി ഇങ്ങനെ കടന്നു പോകുന്നവർ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് പോകാമെന്ന് കരുതേണ്ട. നമ്പർ എഴുതിയെടുക്കുന്നത് റോഡ് വിജിൽ എന്ന ആപ്ലിക്കേഷനിലേക്കാണ്. യാത്രയുടെ ഉദ്ദേശവും ഇതിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പർ എഴുതുമ്പോൾ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാൽ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും.യാത്രക്കാരോട് പൊലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങി ആദ്യഘട്ടത്തിൽ ഉയർന്ന പരാതികളൊന്നും ഇത് ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നാണു വിലയിരുത്തൽ. വർക്കല പൊലീസ് തയ്യാറാക്കിയ ആപ്ലിക്കേഷൻ കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിർബന്ധമാക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു