വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ്

കല്‍പറ്റ: വയനാട് ജില്ലയില്‍ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ്. സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും, കല്‍പ്പറ്റയില്‍ ഒരു ബാറിനുമാണ് ലൈസന്‍സിന് അനുമതി നല്‍കിയത്. മൂന്ന് ബാറുകളും ലോക്ക്ഡൗണിന് ശേഷം വയനാട്ടിലെ മറ്റ് ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തനമാരംഭിക്കും.

ആദിവാസി ഭൂരിപക്ഷ പ്രദേശമായ വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണുള്ളത്. ലോക്ക്ഡൗണിന് ശേഷം ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക.

ജില്ലയില്‍ ബെവറേജസ് കോര്‍പറേഷന്റെ അഞ്ചു വിദേശമദ്യശാലകളുമുണ്ട്. മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി, പനമരം, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ആറ് ബിയര്‍ പാര്‍ലറുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നെണ്ണം കല്‍പ്പറ്റയിലും, രണ്ട് മീനങ്ങാടിയിലും, ഒന്ന് സുല്‍ത്താന്‍ ബത്തേരിയിലുമാണ്.

മൂന്ന് നിയോജക മണ്ഡലങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ വിദേശ മദ്യശാലകള്‍ക്കും, ബാറുകള്‍ക്കും, ബിയര്‍ പാര്‍ലറുകള്‍ക്കും പുറമെ മൂന്ന് ബാറുകള്‍ കൂടി വരുന്നതോടെ മദ്യലഭ്യത കൂടുന്ന അവസ്ഥയുണ്ടാകും. നേരത്തെ ബാറുകള്‍ക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കുകയും, എന്നാല്‍ ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കാതെ മാറ്റിവെക്കുകയും ചെയ്ത അപേക്ഷകള്‍ക്കാണ് ദ്രുതഗതിയില്‍ ഇപ്പോള്‍ ലൈസന്‍സുകള്‍ നല്‍കുന്നത്. വന്‍സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് പെട്ടന്ന് കോടികള്‍ ലഭിക്കുമെന്നതാണ് ബാറുകള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് നല്‍കുന്നത് എന്നാണ് സൂചന. പിന്നോക്ക ജില്ലയായതിനാല്‍ വരും ദിവസങ്ങളില്‍ ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു