ലോക്ക് ഡൗൺ: വിവിധ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

  • ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം

ബാർ തൊഴിലാളിക്ക് 5,000
പലിശരഹിത വായ്പ 10,000

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ ജോലി ചെയ്യാൻ കഴിയാതിരുന്ന വിവിധ മേഖലയിലെ തൊഴിലാളികൾക്ക്
ക്ഷേമനിധിബോര്‍ഡുകള്‍ വഴിയുള്ള പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍ സർക്കാർ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലോക്ക്ഡൗണ്‍ മൂലം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായവും 10,000 രൂപ പലിശരഹിതവായ്പയും നൽകും.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപയും ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപയും നൽകും.

ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക്  2000 രൂപ, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്  തൊഴിലാളികള്‍ക്ക് 1000 രൂപയും നൽകും. സംസ്ഥാനത്ത് 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി തൊഴില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലിശരഹിത വായ്പയായി 10,000 രൂപ വീതം നൽകും.. ലോക്ക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ 5000 കൂടി പ്രത്യേക വായ്പയായി ലഭിക്കും.

ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴിൽ വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ് ആയി അനുവദിക്കും. എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻ്റെ നേതൃത്വത്തിൽ കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനം ലഭിക്കും.

ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം. കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പരിധിയിൽ 5000 രൂപ സഹായം ലഭ്യമാക്കും.

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ് ഉണ്ട്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ സഹായം നല്‍കും. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായവും ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും തീരുമാനിച്ചിട്ടുണ്ട്.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായം നല്‍കും. ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്, ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു