
സംസ്ഥാനങ്ങൾ ഇളവ് പ്രഖ്യാപിക്കരുത്
ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗരേഖ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്കരുതെന്നു കേന്ദ്രം. കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മേയ് 3 വരെ നീട്ടിക്കൊണ്ടു ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
കൂടാതെ, എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ല കത്തയയ്ക്കുകയും ചെയ്തു. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നു കത്തില്‍ സൂചിപ്പിക്കുന്നു.
ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം. കാര്‍ഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല, ചന്തകള്‍, കടകമ്പോളങ്ങള്‍ നിയന്ത്രരീതിയില് തുറക്കാം. നിര്‍മ്മാണ മേഖലയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവുകളുണ്ട്. വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. തൊഴിലുറപ്പ് പദ്ധതി നിയന്ത്രണത്തിലൂടെ നടപ്പാക്കാം. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ അനുവദിക്കില്ല. നിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും.
തിയറ്റര്‍, ബാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധാനാലയങ്ങള്‍ തുറക്കരുത്. സംസ്കാര ചടങ്ങുകളില്‍ 20 പേരേ മാത്രം പങ്കെടുപ്പിക്കാമെന്നും നിര്‍ദേശമുണ്ട്. എല്ലാവിധ ചരക്ക് ഗതാഗതം നടത്താം, ഐ.ടി സ്ഥാപനങ്ങള്‍ക് 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുക എന്നിവ നിര്‍ദ്ദേശത്തിലുണ്ട്. ടാക്സികള്‍ക്ക് ഇളവില്ല. 20 മുതല്‍ വ്യവസായങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാം. സ്വകാര്യ കാറില്‍ ഒരു ആള്‍ക്ക് ഡ്രൈവറൊപ്പം ആവശ്യത്തിന് പുറത്തുപോകാം. ബൈക്കില്‍ ഒരാള്‍ക്കെ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. കൊറിയര്‍, മരപ്പണി, പ്ലംബര്‍, ഇലക്ട്രീഷന്‍, മെക്കാനിക്ക് എന്നിവര്‍ക്ക് ഇളവുണ്ട്. നഗരങ്ങളിലെ നിര്‍മ്മാണം നടത്താം. ഫുഡ് കാറ്ററിംഗ് പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.