ലോക്ക് ഡൗൺ: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച തുടങ്ങി; ശേഷം ഉന്നതാധികാരി സമിതി യോഗം

ന്യൂഡൽഹി: ലോക്ക് ഡൗണ്‍ തീരാൻ രണ്ട് ദിനം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ആരംഭിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. ലോക്ക് ഡൗൺ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗൺ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോർട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാവും കേന്ദ്രം തീരുമാനമെടുക്കുക. മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്കുശേഷം കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതിയും യോഗം ചേരും.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി.

മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു.

തമിഴ്‌നാട്ടിൽ പുതിയതായി 77 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 911 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ 15 ദിവസം കൂടി നീട്ടാൻ വിദഗ്ധ സമിതി നിർദേശിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ച 77 ൽ 72 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് പേർ വിദേശയാത്ര നടത്തിയവരാണ്. സമ്പർക്കം വഴി ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് സമൂഹവ്യാപന സാധ്യത എന്ന സംശയം ബലപ്പെടുത്തുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു