ലോക്ക് ഡൗൺ: പിടിച്ചെടുത്ത വാഹനങ്ങൾ പിഴ ചുമത്തി വിടും

തിരുവനന്തപുരം: ലോക് ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ പിഴ ഈടാക്കി വിട്ടുനൽകും. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾ വിട്ടുകൊടുത്തേക്കും.
ലോക്ക് ഡൗൺ നടപ്പിലാക്കിയ മാർച്ച് 23 മുതൽ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്താകെ 27,300വാഹനങ്ങളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നതിന് പൊലീസ് നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാത്തവരുടെയും അനാവശ്യമായി കറങ്ങാനിറങ്ങിയവരുടെയും വാഹനങ്ങളാണ് ഇത്തരത്തിൽ പിടിക്കപ്പെട്ടത്. പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങൾ കുന്നുകൂടുകയും അവ നശിക്കാനിടയാകുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് പിഴ ചുമത്തി വാഹനങ്ങൾ വിട്ടുകൊടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.മോട്ടോർ വാഹനച്ചട്ട പ്രകാരമാണ് സാധാരണ നിലയിൽ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇത്തരംവാഹനങ്ങൾക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നിയമാനുസൃതമുള്ള പിഴ ടി..ആർ-5 രസീത് (ട്രഷറിയിൽ അടയ്ക്കുന്ന രസീത്)​ പ്രകാരം ഈടാക്കി വാഹനങ്ങൾ വിട്ടുകൊടുക്കുകയാണ് രീതി.

എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയമ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവ‌ക്കെതിരെ ദുരന്തനിവാരണ ചട്ട പ്രകാരവും പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും കേസെടുത്ത് വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ചതോടെയാണ് പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ വാഹന ഷോറൂമുകൾ പോലെയായത്. ദുരന്തനിവാരണച്ചട്ടവും പകർച്ചവ്യാധി പ്രതിരോധനിയമവും അനുസരിച്ച് പിടികൂടുന്ന വാഹനങ്ങൾ പൊലീസ് പിഴ ഈടാക്കി വിട്ടയക്കുന്ന കാര്യത്തിലാണ് നിയമോപദേശം ആവശ്യമുള്ളത്.
ഓരോ ജില്ലയിലും രണ്ടായിരത്തോളം വാഹനങ്ങൾ പിടികൂടിയ സാഹചര്യത്തിൽ ഇവ ഉടമസ്ഥരെ വിളിച്ചുവരുത്തി വിട്ട് നൽകുന്നതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കേണ്ടിവരും. നിയമോപദേശം ലഭിച്ചശേഷം വാഹനങ്ങൾ തിങ്കളാഴ്ചയോടെ ഉടമകളെ വിളിച്ചുവരുത്തി വിട്ടുനൽകാനാണ് തീരുമാനം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ പൂർണമായോ ഭാഗികമായോ ലോക്ക് ഡൗണിന് ശേഷവും തുടരാനിടയുള്ള സാഹചര്യത്തിൽ വിട്ടയ്ക്കുന്ന വാഹനങ്ങൾ വീണ്ടും നിയമലംഘനത്തിന് പിടിയിലായാൽ കടുത്ത നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെയും സർക്കാരിന്റെയും തീരുമാനം.വാഹനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കൽ, കുറഞ്ഞത് പതിനായിരം രൂപ പിഴ തുടങ്ങിയ കാര്യങ്ങളാണ് ആവർത്തിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ സ്വീകരിക്കാൻ ആലോചിക്കുന്നത്. നിയമോപദേശത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും.അതുവരെ നിലവിലുള്ള നടപടികൾ അതേപടി തുടരുമെന്നാണ് അറിയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു